വിപ്ലവം സമാധാനപ്രേമിയായപ്പോൾ
Saturday, October 12, 2019 12:10 AM IST
വിപ്ലവം എന്നർഥമുള്ള അബിയോട് എന്നായിരുന്നു അബി അഹമ്മദ് അലിയുടെ ചെറുപ്പത്തിലെ വിളിപ്പേര്. കഴിഞ്ഞവർഷം ഏപ്രിൽ രണ്ടിന് എത്യോപ്യയുടെ പ്രധാനമന്ത്രിയാകുന്പോൾ അബിക്ക് 42 വയസ് തികഞ്ഞിരുന്നില്ല. സൈന്യത്തിന്റെ സൈബർ ഇന്റലിജൻസ് വിഭാഗത്തിൽ പ്രവർത്തിച്ചിട്ടാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. രാജ്യത്തെ ഏറ്റവും വലിയ വംശീയ വിഭാഗമായ ഒറോമോയിൽപ്പെട്ട അബി രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ വിഭാഗങ്ങളെ സമാധാനത്തിനായി ഏകോപിപ്പിക്കാനുള്ള പരിശ്രമത്തിലൂടെ നൊബേൽ പുരസ്കാര ജേതാവായി.
ഓഫീസ് മുറിയുടെ കതക് അടച്ചിടാത്ത പ്രധാനമന്ത്രിയാണ് അബി. എല്ലാവർക്കും പ്രാപ്യനായിരിക്കാൻവേണ്ടി തനിക്കു സെക്രട്ടറിയുടെ സേവനം വേണ്ടെന്നുവച്ചു.
ഐക്യത്തിന്റെ വക്താവാകാൻ അബിക്കു സ്വന്തം പാരന്പര്യംതന്നെ പറയാനുണ്ട്. ഒറോമോ വംശക്കാരനായ മുസ്ലിമായിരുന്നു പിതാവ്. അമ്മ ഓർത്തഡോക്സ് ക്രിസ്ത്യനും. കിഴക്കൻ ആഫ്രിക്കയിലെ വിഭാഗീയതകൾ സമാധാനപരമായി തീർക്കുന്നതിനെപ്പറ്റി പഠിച്ചു പിഎച്ച്ഡി നേടി. എംബിഎയും പാസായി.
വിദ്യാർഥിയായിരിക്കുന്പോൾതന്നെ കമ്യൂണിസ്റ്റ് ഏകാധിപതി മെൻജിസ്തു ഹെയിൽ മറിയാമിന്റെ ഭരണകൂടത്തിനെതിരായ പോരാട്ടത്തിൽ പങ്കാളിയായി. പിന്നീട് ഒറോമോ ഡെമോക്രാറ്റിക് പാർട്ടി (ഒഡിപി)യുടെ സൈന്യത്തിൽ ചേർന്നു. ഈ പാർട്ടി ഇപ്പോൾ ഭരിക്കുന്ന ഇപിആർഡിഎഫി(എത്യോപ്യൻ പീപ്പിൾസ് റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട്) ന്റെ ഘടക പാർട്ടിയാണ്.
2010ൽ പാർലമെന്റംഗമായ അബി ക്രമേണ ഒഡിപിയിലും ഇപിആർഡിഎഫിലും ഉയർന്നു. ഹെയിൽമറിയം ഡെസൽഗൻ രാജിവച്ചപ്പോൾ സഖ്യത്തിന്റെ തലവനും പ്രധാനമന്ത്രിയുമായി.
എറിത്രിയയുമായുള്ള അതിർത്തി മധ്യസ്ഥ തീരുമാനത്തിനു വിടാൻ സമ്മതിച്ചുകൊണ്ടു സന്ധി ഉണ്ടാക്കിയാണ് പ്രധാനമന്ത്രി അബി എല്ലാവരെയും ഞെട്ടിച്ചത്. പിന്നീട് മറ്റു വിഭാഗീയ വിഷയങ്ങൾ പരിഹരിക്കാൻ ശ്രമമായി.
ഭരണതലത്തിൽ സ്ത്രീകൾക്കു കൂടുതൽ സ്ഥാനം നൽകി. പകുതി മന്ത്രിമാർ സ്ത്രീകളാണ്. എത്യോപ്യയുടെ പ്രസിഡന്റ് സ്ഥാനവും ഒരു സ്ത്രീക്കു നൽകി.
മൂന്നു പ്രാദേശിക ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന അബിക്കു രാജ്യത്തെ ടിഗ്രായൻ എന്ന വംശീയ വിഭാഗത്തിന്റെ എതിർപ്പ് പല കാര്യങ്ങളിലും തടസമാകുന്നുണ്ട്. ഒരുതവണ വധശ്രമത്തെ അതിജീവിച്ച അബിയോടു സൈന്യത്തിലെ ഒരു വിഭാഗത്തിനും എതിർപ്പുണ്ട്.