ഐഎസ് ബന്ധമുള്ള പൗരന്മാരെ തിരിച്ചുവിളിക്കണം: തുർക്കി
Sunday, October 13, 2019 1:14 AM IST
അങ്കാറ: ഐഎസ് ഭീകരസംഘടനയിലുള്ള തങ്ങളുടെ പൗരന്മാരെ തിരിച്ചുവിളിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ തയാറാകണമെന്നു തുർക്കി. ഇവർക്കെതിരേ മാതൃരാജ്യത്ത് നിയമനടപടികൾ സ്വീകരിക്കണമെന്നും പാർലമെന്റ് സ്പീക്കർ മുസ്തഫ സെൻതോപ് ആവശ്യപ്പെട്ടു. ഈസ്താംബൂളിൽ നടന്ന ഭീകരവിരുദ്ധ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഈയാവശ്യമുന്നയിച്ചത്. ഐഎസിൽ ചേർന്ന വിദേശികളായ ഭീകരരും പികെകെയും (കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി) എല്ലാരാജ്യങ്ങൾക്കും വലിയ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ സിറിയന്‍ അതിര്‍ത്തിനഗരമായ റാസ് അല്‍ ഐനിന്റെ നിയന്ത്രണത്തിനായി കനത്ത പോരാട്ടം തുടരുകയാണ്. നഗരത്തിന്റെ നിയന്ത്രണം സ്വന്തമാക്കിയതായി തുർക്കി അവകാശപ്പെട്ടുവെങ്കിലും ഇക്കാര്യം കുർദിഷ് ഭീകരർ തള്ളിക്കളഞ്ഞു. കുര്ദുകള്ക്കെതിരേയുള്ള പോരാട്ടം തീവ്രമാക്കുന്നതിന് അൽഐനിന്റെ നിയന്ത്രണം തുർക്കി ഏറെ നാളായി ലക്ഷ്യമിട്ടിരിക്കുകയായിരുന്നു.
കഴിഞ്ഞ നാലുദിവസത്തിനിടെ മേഖലയില്‍ 30 പേരെങ്കിലും കൊല്ലപ്പെട്ടു. 200,000 ആളുകള്‍ പ്രദേശം വിട്ടുപോവുകയും ചെയ്തു.
മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുമാനത്തോടെ കുര്ദുകള്ക്കെതിരേയുള്ള പോരാട്ടം തുര്‍ക്കി ശക്തമാക്കുകയായിരുന്നു. വടക്കുകിഴക്കൻ സിറിയയിൽ തുർക്കി സൈന്യം ആക്രമണം ആരംഭിച്ചശേഷം മേഖലയിൽനിന്നു പലായനം ചെയ്തവരുടെ എണ്ണം ഒരു ലക്ഷമായെന്നു യുഎൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
വടക്കൻ സിറിയയെ കുർദിഷ് ഭീകരരിൽ നിന്നു മോചിപ്പിച്ച് സുരക്ഷിത മേഖല സ്ഥാപിക്കുകയും തുർക്കിയിലുള്ള 30ലക്ഷം സിറിയൻ അഭയാർഥികളിൽ നല്ല പങ്കിനെ ഇവിടെ പുനരധിവസിപ്പിക്കുകയുമാണ് തുർക്കിയുടെ ലക്ഷ്യം. ഐഎസിനെതിരായ പോരാട്ടത്തിൽ സഹായിച്ച കുർദിഷ് എസ്ഡിഎഫ് പോരാളികളെ തുർക്കിയുടെ ദയാദാക്ഷിണ്യത്തിനു വിട്ട് യുഎസ് സൈന്യത്തെ പ്രസിഡന്റ് ട്രംപ് പിൻവലിച്ചിരുന്നു. ഇതെത്തുടർന്നാണ് തുർക്കി വ്യോമ,കരയാക്രമണം ആരംഭിച്ചത്.