ട്രംപ് അധികാര ദുർവിനിയോഗം നടത്തിയെന്ന് ഡെമോക്രാറ്റുകൾ
Tuesday, December 10, 2019 11:38 PM IST
വാഷിംഗ്ടൺഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇംപീച്ചുചെയ്യുന്നതിനുള്ള ഡെമോക്രാറ്റുകളുടെ നീക്കം നിർണായകഘട്ടത്തിലേക്കു കടന്നു. രാഷ്ട്രീയ നേട്ടത്തിനായി ട്രംപ് അധികാര ദുർവിനിയോഗം നടത്തിയെന്നും ഇംപീച്ച്മെന്റ് അന്വേഷണം തടസപ്പെടുത്താൻ ശ്രമിച്ചെന്നും ജനപ്രതിനിധി സഭയുടെ ജുഡീഷറി കമ്മിറ്റി തയാറാക്കിയ പ്രമേയങ്ങളിൽ കുറ്റപ്പെടുത്തി. ഇതിന്മേൽ മിക്കവാറും നാളെ വോട്ടെടുപ്പ് നടക്കും.
അമേരിക്കയുടെ 243 വർഷത്തെ ചരിത്രത്തിൽ ഇതു നാലാംതവണയാണ് ഒരു പ്രസിഡന്റിനെതിരേ ഇത്തരത്തിൽ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരുന്നത്. ഇന്റലിജൻസ് കമ്മിറ്റി തയാറാക്കിയ 300 പേജ് റിപ്പോർട്ടിനെ ആധാരമാക്കിയാണ് ജുഡീഷറി കമ്മിറ്റി പ്രമേയങ്ങൾക്കു രൂപം നൽകിയത്.
ജനപ്രതിനിധി സഭയിൽ പാസായാലും സെനറ്റിൽ റിപ്പബ്ളിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ളതിനാൽ ഇംപീച്ച്മെന്റ് നടപ്പാക്കാൻ സാധ്യത വിരളമാണ്. താൻ വേട്ടയാടുകപ്പെടുകയാണെന്ന് ട്രംപ് ട്വിറ്ററിൽ പ്രതികരിച്ചു.
അടുത്തവർഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എതിരാളിയാവുമെന്നു കരുതപ്പെടുന്ന ഡെമോക്രാറ്റ് പാർട്ടി നേതാവും മുൻ യുഎസ് വൈസ്പ്രസിഡന്റുമായ ബൈഡനെ താറടിച്ച് രാ ഷ്ട്രീയ നേട്ടം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിനെതിരേ അന്വേഷണം നടത്താൻ യുക്രെയ്ൻ പ്രസിഡന്റിന്റെ മേൽ സമ്മർദം ചെലുത്തിയെന്ന ആരോപണത്തെത്തുടർന്നാണ് ട്രംപിനെതിരേ ഇംപീച്ച്മെന്റ് നീക്കം തുടങ്ങിയത്. ബൈഡന്റെ പുത്രൻ ഹണ്ടർക്ക് യുക്രെയിനിൽ ബിസിനസ് താത്പര്യങ്ങളുണ്ടായിരുന്നു.
2020ലെ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ട്രംപ് പ്രവർത്തിച്ചെന്നും ഇത് അധികാരദുർവിനിയോഗമാണെന്നും ജുഡീഷറി കമ്മിറ്റി ചെയർമാൻ ജെറി നാഡ്ലർ പറഞ്ഞു.
രാജ്യതാത്പര്യത്തേക്കാൾ സ്വന്തം താത്പര്യത്തിനാണു പ്രസിഡന്റ് മുൻഗണന നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. ജനപ്രതിനിധി സഭയുടെ ഇന്റലിജൻസ് കമ്മിറ്റി നടത്തിയ തെളിവെടുപ്പിൽ സഹകരിക്കുന്നതിൽ നിന്നും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരെ ട്രംപ് തടസപ്പെടുത്തിയെന്നും ജുഡീഷറി കമ്മിറ്റി പറഞ്ഞു.