കൊറോണ മരണം 910; നിയന്ത്രണത്തിൽ അയവ്
Tuesday, February 11, 2020 12:24 AM IST
ബെയ്ജിംഗ്: കൊറോണ വൈറസ് ബാധമൂലം ഞായറാഴ്ച ചൈനയിൽ 97 പേർ മരിച്ചു.രോഗം പൊട്ടിപ്പുറപ്പെട്ടശേഷം ഒറ്റദിവസം ഇത്രയും പേർ മരിക്കുന്നത് ആദ്യമാണ്. ഇതിൽ 91 മരണവും രോഗം ആദ്യം പൊട്ടിപ്പുറപ്പെട്ട ഹുബെയ് പ്രവിശ്യയിലാണ്. ഇതുവരെയുള്ള കണക്കു പ്രകാരം കൊറോണ ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 910 ആണ്. ഇവരിൽ രണ്ടെണ്ണം ഒഴിച്ചുള്ള എല്ലാ മരണങ്ങളും ചൈനയിലാണ്. പുതുതായി 3,062 പേർക്ക് രോഗം പിടിപെട്ടെന്നും ചൈനാ ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. മൊത്തം രോഗബാധിതരുടെ എണ്ണം നാല്പതിനായിരം കടന്നു. ഇതിൽ 6,500 പേരുടെ രോഗം ഗുരുതരമാണ്.
ചൈനയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അല്പം അയവു വരുത്തി. ഏതാനും ഫാക്ടറികളിൽ പ്രവർത്തനം പുനരാരംഭിച്ചു. ഓഫീസുകളും പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. വുഹാൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഏർപ്പെടുത്തിയ യാത്രാനിയന്ത്രണം തുടരുകയാണ്. വെള്ളക്കോളർ ജീവനക്കാരിൽ പലരും വീടുകളിലിരുന്നു ജോലി ചെയ്യാനാണു താത്പര്യപ്പെടുന്നത്.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയും ചൈനീസ് പ്രസിഡന്റുമായ ഷി ചിൻപിംഗ് ഇന്നലെ ബെയ്ജിംഗിലലെ കൊറോണ പ്രതിരോധ, നിയന്ത്രണ കേന്ദ്രം സന്ദർശിക്കുകയും പ്രവർത്തന പുരോഗതി വിലയിരുത്തുകയും ചെയ്തു. കൊറോണ പകർച്ച വ്യാധിക്ക് എതിരേയുള്ള പോരാട്ടത്തിൽ വിജയം തീർച്ചയാണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയും സായുധസേനയും ജനങ്ങളും വുഹാനിലെയും ഹുബെയ് പ്രവിശ്യയിലെയും നിവാസികൾക്ക് ഒപ്പമുണ്ടെന്നും ചിൻപിംഗ് കൂട്ടിച്ചേർത്തു.