സുഡാന്റെ മുൻ പ്രസിഡന്റ് ബഷീറിനെ ഐസിസിക്കു കൈമാറും
Wednesday, February 12, 2020 12:22 AM IST
കയ്റോ: ഡാർഫുർ കൂട്ടക്കൊലക്കേസിൽ വിചാരണ നേരിടാനായി മുൻ സുഡാൻ പ്രസിഡന്റ് ഒമർ അൽ ബഷീറിനെ രാജ്യാന്തര ക്രിമിനൽ കോടതിക്കു(ഐസിസി) കൈമാറുമെന്നു സുഡാൻ അധികൃതർ വ്യക്തമാക്കി. ജനകീയ വിപ്ലവത്തെത്തുടർന്ന് കഴിഞ്ഞവർഷം സൈന്യം ഇടപെട്ടാണ് ബഷീറിനെ അധികാര ഭ്രഷ്ടനാക്കിയത്. ഇപ്പോൾ അദ്ദേഹം സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലെ ജയിലിലാണ്.
ഡാർഫുർ കൂട്ടക്കൊല കേസിലെ പ്രതികൾ ഹേഗിലെ അന്തർദേശീയ കോടതിയിൽ വിചാരണ നേരിടണമെന്ന കാര്യത്തിൽ സർക്കാരും റിബലുകളും ധാരണയിലെത്തിയതായി ബഷീറിന്റെ പേരെടുത്തു പറയാതെ സർക്കാർ വക്താവ് മുഹമ്മദ് ഹസൻ അൽ തൈഷി പറഞ്ഞു.
ഡാർഫുറിൽ 2003ൽ പൊട്ടിപ്പുറപ്പെട്ട കലാപം ഖാർത്തുമിലെ കേന്ദ്രഭരണകൂടം നിഷ്ഠൂരമായി അടിച്ചമർത്തി. മുപ്പതിനായിരം പേർ കൊല്ലപ്പെട്ടെന്നു യുഎൻ കണക്കാക്കുന്നു. ലക്ഷങ്ങൾ അഭയാർഥികളായി. ബഷീറിനും മൂന്നു സഹായികൾക്കും എതിരേ ഐസിസി കുറ്റം ചുമത്തി.