കോവിഡ് -19: കുവൈറ്റിൽ ആദ്യ മരണം
Saturday, April 4, 2020 10:57 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കൊവിഡ് 19 ബാധിച്ച് ഒരാൾ മരിച്ചു. രാജ്യത്തെ ആദ്യ മരണമാണിത്. 62 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തു കൊവിഡ് -19 ബാധിച്ചവരുടെഎണ്ണം 479 ആയതായി ആരോഗ്യവകുപ്പ് പ്രസ്താവനയിൽ അറിയിച്ചു.
പുതിയ കേസുകളിൽ 33 പേർ ഇന്ത്യയിൽനിന്നുള്ളവരും നാലുപേർ ഇൗജിപ്തുകാരുമാണ്. ഇവർ കോവിഡ് ബാധിതരുമായി സന്പർക്കത്തിലേർപ്പെട്ടവരാണ്. 25 പേരുടെ സ്രവ പരിശോധന ഫലം ലഭിക്കാനുണ്ട്. ചികിത്സയിലുള്ള 385 പേരിൽ 17 പേർ ഐസിയുവിലാണെന്നും പ്രസ്താവനയിലുണ്ട്.
അതിനിടെ, കുവൈറ്റ് ആരോഗ്യമന്ത്രി ബാസൽ അൽ-സബ 11 പേർ രോഗ വിമുക്തരായതായി പ്രഖ്യാപിച്ചു. രാജ്യത്ത് കോവിഡ് -19 സുഖപ്പെട്ടവരുടെ എണ്ണം 93 ആയി.
കൊറോണ വ്യാപനം തടയുന്നതിനു രാജ്യത്ത് കർഫ്യു പ്രഖ്യാപിക്കാൻ കുവൈറ്റ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 13ന് വാണിജ്യ ഫ്ലൈറ്റുകൾ കുവൈറ്റ് നിരോധിച്ചിരുന്നു. കടകളും മാളുകളും ബാർബർഷോപ്പുകളും അടയ്ക്കാനും തീരുമാനിച്ചിരുന്നു.