കോവിഡ് പ്രതിരോധത്തിൽ വീഴ്ച; ബ്രസീലിൽ ജനരോഷം
Monday, May 31, 2021 12:06 AM IST
ബ്രസീലിയ: കോവിഡ് പ്രതിരോധത്തിലെ പിഴവുകളുടെ പേരിൽ ബ്രസീലിൽ പ്രസിഡന്റ് ജൈർ ബോൽസനാരോയ്ക്കെതിരേ ജനകീയ പ്രതിഷേധം. രാജ്യത്തെ 24 സംസ്ഥാനങ്ങളിലായി 200 ഓളം നഗരങ്ങളിലാണ് ശനിയാഴ്ച പ്രതിഷേധം അരങ്ങേറിയതെന്ന് ഗ്ലോബോ ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്തു.
വടക്കുകിഴക്കൻ പ്രവിശ്യയിലെ റിസിഫിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് റബർ ബുള്ളറ്റുകളും കണ്ണീർ വാതകവും ഉപയോഗിച്ചു.
കോവിഡ് പ്രതിസന്ധിയുടെ പേരിൽ കടുത്ത വിമർശനമാണ് പ്രസിഡന്റ് ഏറ്റുവാങ്ങുന്നത്. യുഎസിനു പിന്നാലെ ലോകത്തിൽ ഏറ്റവും കൂടുതൽ മരണനിരക്ക് ബ്രസീലിലാണ്. രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് മൂന്നാംസ്ഥാനത്തും. യുഎസും ഇന്ത്യയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.