ജലാലാബാദ് ആക്രമണം: ഐഎസ് ഉത്തരവാദിത്വമേറ്റു
Monday, September 20, 2021 11:27 PM IST
കയ്റോ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാന്റെ അതിർത്തി സുരക്ഷാ വാഹനങ്ങൾക്കു നേരേ ബോംബാക്രമണം നടത്തിയെന്നു സമ്മതിച്ച് ഇസ്ലാമിക് സ്റ്റേറ്റ്. ഐഎസിന്റെ അമാഖ് വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.
ഐഎസ് ശക്തികേന്ദ്രമായ ജലാലാബാദിൽ ശനിയാഴ്ചയും ഞായറാഴ്ചയുമായി നടന്ന സ്ഫോടനപരന്പരയിൽ താലിബാൻകാർ ഉൾപ്പെടെ എട്ടു പേരാണു കൊല്ലപ്പെട്ടത്.
അഫ്ഗാനിസ്ഥാന്റെ അതീവ ഗുരുതരമായ സാന്പത്തികനിലയും സുരക്ഷാഭീഷണിയും മൂലം വെല്ലുവിളി നേരിടുന്ന താലിബാന്, ഐഎസ് ആക്രമണം കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ ഭരണമാണു താലിബാനു മുഖ്യമെങ്കിൽ ആഗോള ജിഹാദ് ആണ് ഐഎസ് ലക്ഷ്യമിടുന്നത്.
വിദേശസൈനികർ രാജ്യം വിട്ടാൽ ഐഎസിനെ ഒതുക്കുമെന്നായിരുന്നു താലിബാന്റെ അവകാശവാദം. കാബൂൾ വിമാനത്താവളത്തിനു സമീപം ഓഗസ്റ്റ് 26ന് ഐഎസ്-കെ നടത്തിയ ഇരട്ട ചാവേർ ആക്രമണത്തിൽ 180 പേരാണു കൊല്ലപ്പെട്ടത്.