ഏറ്റവും പ്രായംകൂടിയ ഇരട്ടകൾ ഇവർ
Wednesday, September 22, 2021 12:47 AM IST
ടോക്കിയോ: ലോകത്തിലെ ഏറ്റവും പ്രായംകൂടിയ സദൃശ്യ ഇരട്ടകളെന്ന ഗിന്നസ് റിക്കാർഡ് ജപ്പാനിലെ യുമെനോ സുമിയാന, കൗമെ കൊഡാമ മുത്തശ്ശിമാർക്ക്. 1913 നവംബർ അഞ്ചിനു ജനിച്ച ഇവർക്ക് 107 വയസും 300 ദിവസവും പ്രായമുണ്ട്.
ജപ്പാനിലെതന്നെ കിൻ നരീത, ജിൻ കേനി സഹോദരിമാരുടെ റിക്കാർഡാണു പഴങ്കഥയായത്. 2000 ജനുവരിയിൽ 107 വർഷവും 175 ദിവസവും പ്രായത്തിൽ കിൻ മരിക്കുന്നതുവരെ ഇവർ റിക്കാർഡിന് ഉടമകളായിരുന്നു. ജിൻ തൊട്ടടുത്ത വർഷം 108-ാം വയസിലാണു മരിച്ചത്.
സെപ്റ്റംബർ ഒന്നിനാണ് സുമിയാന, കൗമെ സഹോദരിമാർ റിക്കാർഡ് ഭേദിച്ചത്. ജപ്പാനിൽ വയോജനദിനമായി ആചരിക്കുന്ന സെപ്റ്റംബർ 20നാണു റിക്കാർഡ് വിവരം ഗിന്നസ് അധികൃതർ പ്രഖ്യാപിച്ചത്.
ജപ്പാന്റെ രണ്ടു ഭാഗങ്ങളായി പരിചരണകേന്ദ്രങ്ങളിൽ കഴിയുന്ന യുമെനോയ്ക്ക് നാലും കൗമെയ്ക്ക് മൂന്നും മക്കളുണ്ട്.
ജപ്പാൻകാർക്ക് ആയുർദൈർഘ്യം കൂടുതലാണ്. ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തി 118 വയസുള്ള ജപ്പാൻകാരി കാനെ തനാക ആണ്.