ഹെയ്തി: മിഷനറി സംഘത്തെ വധിക്കുമെന്ന് ഭീഷണി
Saturday, October 23, 2021 12:51 AM IST
പോർട്ട് ഓ പ്രിൻസ്: ഹെയ്തിയിൽ കൊള്ളസംഘം തട്ടിക്കൊണ്ടുപോയ യുഎസിൽ നിന്നുള്ള മിഷനറിമാരെ വധിക്കുമെന്ന് സംഘത്തലവന്റെ ഭീഷണി. കഴിഞ്ഞയാഴ്ചയാണ് യുഎസിൽ നിന്നുള്ള 17 അംഗ സംഘത്തെ ‘400 മാവോസോ’ എന്ന കൊള്ളസംഘം തട്ടിക്കൊണ്ടുപോയത്. 1.7 കോടി ഡോളറാണ് മിഷനറി സംഘത്തിന്റെ മോചനത്തിനായി ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്.
‘ആവശ്യപ്പെട്ട പണം കിട്ടിയില്ലെങ്കിൽ അമേരിക്കക്കാരുടെ തലയിൽ വെടിയുണ്ട പതിക്കും എന്ന് ആണയിട്ടുപറയുകയാണ്’ എന്ന് സംഘത്തലവൻ വിൽസൺ ജോസഫ് സമൂഹമാധ്യമത്തിൽ പോസ്റ്റ്ചെയ്ത വീഡിയോയിൽ പറയുന്നു. ഓരോരുത്തരുടെയും മോചനത്തിന് പത്തുലക്ഷം യുഎസ് ഡോളർ വീതം നൽകണമെന്നായിരുന്നു കൊള്ളസംഘത്തിന്റെ ആവശ്യം.
16 അമേരിക്കക്കാരും ഒരു കനേഡിയൻ പൗരനും ഉൾപ്പെടുന്ന സംഘം ക്രിസ്റ്റ്യൻ എയ്ഡ് മിനിസ്ട്രീസിനുവേണ്ടി ഹെയ്തി തലസ്ഥാനമായ പോർട്ട് ഓ പ്രിൻസിൽ സേവനം ചെയ്യുകയായിരുന്നു. എട്ടുമാസം പ്രമയുള്ള കുട്ടിയുൾപ്പെടെ അഞ്ച് കുരുന്നുകൾ സംഘത്തിലുണ്ട്. മൂന്ന്, ആറ്, 14, 15 എന്നിങ്ങനെയാണ് മറ്റു കുട്ടികളുടെ പ്രായം.