യസീദി ബാലികയെ കൊലപ്പെടുത്തിയ ഐഎസ് ഭീകരന് ജീവപര്യന്തം
Wednesday, December 1, 2021 12:44 AM IST
ഫ്രാങ്ക്ഫർട്ട്: അഞ്ചുവയസുള്ള യെസീദി ബാലികയെ കൊലചെയ്ത കേസിൽ ഇറാക്കി പൗരനായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ താഹ അൽ ജുമൈലിക്കു ജർമൻ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
യെസീദി വംശഹത്യയിൽ ഐഎസ് ഭീകരനു ശിക്ഷ ലഭിക്കുന്ന ആദ്യകേസാണിത്. കൊലപാതകത്തിനു കൂട്ടുനിന്ന ഇയാളുടെ ഭാര്യയും ജർമൻ വംശജയുമായ ജെന്നിഫറിന് ഒരു മാസം മുന്പ് പത്തു വർഷം തടവു വിധിച്ചിരുന്നു.
2015ൽ താഹ ഇറാക്കിലെ ന്യൂനപക്ഷ യെസീദി വംശത്തിൽപ്പെട്ട അമ്മയെയും അഞ്ചുവയസുള്ള മകളെയും അടിമയാക്കി പീഡനം ആരംഭിച്ചു. കുട്ടി കിടക്കയിൽ മൂത്രമൊഴിച്ചതിന്റെ പേരിൽ അമ്മയെയും കുട്ടിയെയും 50 ഡിഗ്രി ചൂടുള്ള വെയിലത്തുനിർത്തി. തുടർന്ന് കുഞ്ഞു മരിച്ചു. അമ്മയ്ക്കു ഗുരുതരമായി സൂര്യാഘാതമേറ്റു.
2019ൽ ഗ്രീസിൽ അറസ്റ്റിലായ താഹയെ ജർമനിക്കു കൈമാറുകയായിരുന്നു. വംശഹത്യ, മനുഷ്യത്വത്തിനെതിരായ കുറ്റങ്ങൾ, യുദ്ധക്കുറ്റങ്ങൾ, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ഇയാൾക്കെതിരേ തെളിഞ്ഞതായി ഫ്രാങ്ക്ഫർട്ട് കോടതി വിധിച്ചു.
2014ൽ സിറിയയിലെയും ഇറാക്കിലെയും പ്രദേശങ്ങൾ വ്യാപകമായി കീഴടക്കിയ ഐഎസ് ഭീകരർ വടക്കൻ ഇറാക്കിലെ കുർദു ഭാഷ സംസാരിക്കുന്ന യെസീദികളെ തുടച്ചുനീക്കാൻ ശ്രമിക്കുകയായിരുന്നു. ആയിരക്കണക്കിനു പുരുഷന്മാർ കൊല്ലപ്പെട്ടു. വനിതകളും കുട്ടികളും വ്യാപകമായി അടിമകളാക്കപ്പെടുകയും ബലാത്സംഗത്തിനിരകളാവുകയും ചെയ്തു.