പതിനഞ്ചുകാരൻ മൂന്നു സഹപാഠികളെ വെടിവച്ചുകൊന്നു
Thursday, December 2, 2021 12:07 AM IST
ഡിട്രോയിറ്റ്: അമേരിക്കയിലെ മിഷിഗൺ സംസ്ഥാനത്ത് പതിനഞ്ചുകാരൻ ഹൈസ്കൂളിൽ നടത്തിയ വെടിവയ്പിൽ രണ്ടു പെൺകുട്ടികളടക്കം മൂന്നു സഹപാഠികൾ കൊല്ലപ്പെട്ടു. ടീച്ചർ അടക്കം ഏഴു പേർക്കു പരിക്കേറ്റു.
ഡിട്രോയിറ്റിൽനിന്ന് 65 കിലോമീറ്റർ അകലെ ഓക്സ്ഫഡ് പട്ടണത്തിലായിരുന്നു സംഭവം. അക്രമി എതിർപ്പു കൂടാതെ പോലീസിനു കീഴടങ്ങി.
കഴിഞ്ഞയാഴ്ച പിതാവ് വാങ്ങിയ സെമി ഓട്ടോമാറ്റിക് കൈത്തോക്ക് ബാഗിൽ ഒളിപ്പിച്ചാണു സ്കൂളിൽ കൊണ്ടുവന്നത്. ബാത്ത്റൂമിൽവച്ച് പുറത്തെടുത്ത ശേഷമാണുവെടിവയ്പു നടത്തിയത്. ഫോൺ കോൾ ലഭിച്ച് അഞ്ചുമിനിട്ടിനകം പോലീസ് സ്കൂളിലെത്തി അക്രമിയെ പിടികൂടി.
അക്രമി ചോദ്യംചെയ്യലുമായി സഹകരിക്കാത്തതിനാൽ ആക്രമണത്തിന്റെ പ്രേരണ വ്യക്തമല്ലെന്നു പോലീസ് പറഞ്ഞു.
പരിക്കേറ്റവരിൽ രണ്ടുപേരെ ശസ്ത്രക്രിയയ്ക്കു വിധേയരാക്കി. മറ്റുള്ളവരുടെ നില അപകടകരമല്ല.