വിശുദ്ധ ഇരണേവൂസിനെ വേദപാരംഗതനായി പ്രഖ്യാപിച്ചു
Saturday, January 22, 2022 12:02 AM IST
റോം: രണ്ടാം നൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞനും മെത്രാനും രക്തസാക്ഷിയുമായ വിശുദ്ധ ഇരണേവൂസിനെ (ഐറേനിയസ്) ഫ്രാൻസിസ് മാർപാപ്പ ഇന്നലെ വേദപാരംഗതനായി പ്രഖ്യാപിച്ചു. ഇതോടെ കത്തോലിക്കാ സഭയിലെ വേദപാരംഗതരുടെ എണ്ണം 37 ആയി.
“ഐക്യത്തിന്റെ വേദശാസ്ത്രജ്ഞൻ’’എന്നായിരിക്കും ഇരണേവൂസ് അറിയപ്പെടുക. എ.ഡി. 140-ൽ തുർക്കിയിലെ സ്മിർണായിൽ ജനിച്ച അദ്ദേഹം സുവിശേഷകനായ യോഹന്നാന്റെ ശിഷ്യൻ പോളിക്കാർപ്പ് വഴിയാണ് ക്രൈസ്തവവിശ്വാസത്തിലേക്കു വന്നത്.
ഫ്രാൻസിൽ വൈദികനായി സേവനമനുഷ്ഠിച്ച അദ്ദേഹം ലെയോൺസിലെ മെത്രാനായി. ജ്ഞാനവാദം, മൊന്താനിസം മുതലായ പാഷണ്ഡതകൾക്കെതിരേ അദ്ദേഹം ശക്തമായി തൂലിക ചലിപ്പിച്ചു. റോമൻ ചക്രവർത്തി സെപ്തിമൂസ് സെവെരൂസ് ആരംഭിച്ച മതമർദനത്തിൽ എ.ഡി. 202-ൽ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു.
കത്തോലിക്കരോടൊപ്പം ഓർത്തഡോക്സ് ക്രൈസ്തവരും വിശുദ്ധനായി ആദരിക്കുന്ന ഇരണേവൂസ് കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ആത്മീയവും വേദശാസ്ത്രപരവുമായ ഒരു പാലമാണെന്ന് മാർപാപ്പ അനുസ്മരിച്ചു.
സന്പൂർണ ഐക്യത്തിലേക്കുള്ള യാത്രയിൽ അദ്ദേഹത്തിന്റെ പഠനങ്ങൾ സഹായകമാകുമെന്ന് പാപ്പാ പറഞ്ഞു. സമാധാനദൂതൻ എന്നാണ് ഇരണേവൂസ് എന്ന ഗ്രീക്ക് പദത്തിന്റെ അർഥം.