കാഷ്മീരിലെ മണ്ഡലം പുനർനിർണയത്തിനെതിരേ പാക് പ്രമേയം
Friday, May 13, 2022 1:23 AM IST
ഇസ്ലാമാബാദ്: കാഷ്മീരിലെ മണ്ഡലം പുനർനിർണയത്തെ അപലപിച്ച് പാക്കിസ്ഥാൻ പാർലമെന്റിൽ പ്രമേയം. കൃത്രിമത്വം സൃഷ്ടിച്ച് ജമ്മു കാഷ്മീരിലെ മുസ്ലിം ഭൂരിപക്ഷമേഖലകൾ ഇല്ലാതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ആരോപണം.
മണ്ഡലം പുനർനിർണയ നടപടികൾ നിയമവിരുദ്ധമാണെന്നും പ്രമേയം അവതരിപ്പിച്ച പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ കുറ്റപ്പെടുത്തിയെന്ന് റേഡിയോ പാക്കിസ്ഥാൻ റിപ്പോർട്ട് ചെയ്തു. തീരുമാനത്തിനെതിരേ യുഎൻ രക്ഷാസമിതിക്ക് കത്തുനൽകുമെന്നും ബിലാവൽ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള മണ്ഡല പുനർനിർണയം അടുത്തിടെയാണു പൂർത്തിയായത്. ജമ്മു ഡിവിഷനിൽ 43 നിയമസഭാ മണ്ഡലങ്ങളും കാഷ്മീർ ഡിവിഷനിൽ 47 ഡിവിഷനുകൾക്കുമാണു സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ശിപാർശ ചെയ്തിരിക്കുന്നത്.