സെനഗൽ ആശുപത്രിയിൽ തീപിടിത്തം; 11 നവജാതശിശുക്കൾ മരിച്ചു
Friday, May 27, 2022 1:23 AM IST
ഡക്കർ: ആഫ്രിക്കൻ രാജ്യമായ സെനഗലിൽ ആശുപത്രിക്കു തീപിടിച്ച് 11 നവജാത ശിശുക്കൾ മരിച്ചു. പടിഞ്ഞാറൻ നഗരമായ ടിവാവ്നെയിലെ മാമെ അബ്ദൗ അസീസ് ദബാക്ക് ആശുപത്രിയിലെ പ്രസവവാർഡിലാണു ദുരന്തമുണ്ടായത്. മൂന്നു ശിശുക്കളെ രക്ഷപ്പെടുത്താനായി.
ഷോർട്ട് സർക്യൂട്ടാണു കാരണമെന്ന് അനുമാനിക്കുന്നു. തീ അതിവേഗം പടർന്നു. അടുത്തിടെ ഉദ്ഘാടനം ചെയ്ത ആശുപത്രിയാണിത്.
അന്വേഷണം ആരംഭിച്ചതായി ആരോഗ്യമന്ത്രി അബ്ദുള്ളായ സാർ അറിയിച്ചു. ജനീവയിൽ ലോകാരോഗ്യ സംഘടനാ യോഗത്തിൽ പങ്കെടുക്കുകയായിരുന്ന അദ്ദേഹം ഉടൻ നാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചു.
അപകടം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിനു വഴിതുറന്നു. കഴിഞ്ഞവർഷം സെനഗലിലെ മറ്റൊരു ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാലു നവജാതർ മരിച്ചിരുന്നു. സെനഗലിലെ മുഴുവൻ പ്രസവവാർഡുകളിലും പരിശോധന നടത്തണമെന്നും ഇപ്പോഴത്തെ സംഭവത്തിൽ സ്വതന്ത്ര കമ്മീഷനെക്കൊണ്ട് അന്വേഷിപ്പിച്ച് കുറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആംനസ്റ്റി ഇന്റർനാഷണൽ ആവശ്യപ്പെട്ടു.