ഗുരുദ്വാര ആക്രമണം പ്രവാചകവിരുദ്ധ പരാമർശത്തിനുള്ള മറുപടിയെന്ന് ഐഎസ്
Monday, June 20, 2022 12:54 AM IST
കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ സിക്ക് ഗുരുദ്വാരയ്ക്കു നേരെ നടന്ന ആക്രമണം ബിജെപി നേതാക്കളുടെ പ്രവാചകവിരുദ്ധ പരാമർശത്തിനുള്ള മറുപടിയെന്ന് ഇസ്ലാമിക് സ്റ്റേറ്റ്. ശനിയാഴ്ച നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റിന്റെ സഹസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസാൻ പ്രൊവിൻസ്(ഐഎസ്കെപി) ഏറ്റെടുത്തു.
ഹിന്ദുക്കളെയും സിക്കുകാരെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് അമാഖ് വാർത്താ ഏജൻസിയിലൂടെയാണ് ഐഎസ്കെപി അറിയിച്ചു. ബിജെപി നേതാക്കളുടെ പ്രവാചകവിരുദ്ധ പരാമർശത്തിനു ഹിന്ദുക്കൾക്കെതിരേ പ്രതികാരം ചെയ്യുമെന്നു ഏതാനും ദിവസം മുന്പ് ഐഎസ്കെപി വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു.
ഇന്ത്യയിൽ ചാവേർ ആക്രമണം നടത്തുമെന്നു അൽ ക്വയ്ദയും ഭീഷണി മുഴക്കിയിരുന്നു. കാബൂളിലെ കാർത്തെ പർവാൻ പ്രവിശ്യയിൽ ഗുരുദ്വാരയ്ക്കുനേരെയാണ് ആക്രമണമുണ്ടായത്. സിക്ക് പൗരനുൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു. തോക്കുമായെത്തിയ ഭീകരർ ആദ്യം ഗുരുദ്വാരയുടെ കവാടത്തിലേക്കു ഗ്രനേഡ് എറിയുകയായിരുന്നു.