യുക്രെയ്ൻ യുദ്ധത്തെ വിമർശിച്ച മാധ്യമപ്രവർത്തക റഷ്യയിൽ അറസ്റ്റിൽ
Thursday, August 11, 2022 12:12 AM IST
മോസ്കോ: റഷ്യയുടെ യുക്രെയ്ൻ യുദ്ധത്തെ വിമർശിച്ച ടിവി ജേർണലിസ്റ്റിനെ അറസ്റ്റ് ചെയ്തു. പുടിൻ കൊലപാതികയാണ്, അയാളുടെ സൈനികർ ഫാസിസ്റ്റുകളാണ്. യുക്രെയ്നിൽ 352 കുട്ടികൾ കൊല്ലപ്പെട്ടു എന്ന ബാനറുമായി ടിവിയിൽ ലൈവായി പ്രതിഷേധിച്ച മരിയ ഓവ്സിയാനികോവയെയാണ് അറസ്റ്റ് ചെയ്തതെന്ന് അവരുടെ അഭിഭാഷകൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. വ്യാജപ്രചാരണം നടത്തിയതിന് ഇവർക്ക് പത്തു വർഷം തടവുശിക്ഷ ലഭിച്ചേക്കും.
ഓവ്സിയാനികോവയുടെ വസതിയിൽ പോലീസ് റെയ്ഡ് നടത്തുകയും അവരെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ടിവി ചാനലിൽ പ്രൊഡ്യൂസറായിരുന്നു ഓവ്സിയാനികോവ. മാർച്ച് 14ന് ടിവിയിലൂടെ ഇവർ നടത്തിയ പ്രതിഷേധം ആഗോളതലത്തിൽ വാർത്തയായിരുന്നു.