യുക്രെയ്നിലെ പ്രദേശങ്ങൾ റഷ്യയോടു ചേർക്കും
Friday, September 30, 2022 12:31 AM IST
കീവ്: റഷ്യൻ നിയന്ത്രണത്തിലുള്ള യുക്രെയ്നിലെ പ്രദേശങ്ങൾ റഷ്യയോടു ചേർക്കുന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിനായുള്ള ജനഹിത പരിശോധന പൂർത്തിയായെന്നും ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പങ്കെടുക്കുന്ന ചടങ്ങിൽ നടത്തുമെന്നും റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
ക്രെംലിനിലെ സെന്റ് ജോർജ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മേഖലാ ഭരണകൂട തലവന്മാർ കരാറിൽ ഏർപ്പെടും. ചൊവ്വാഴ്ച നടന്ന ജനഹിത പരിശോധനയിൽ റഷ്യക്കൊപ്പം ചേരാൻ മേഖലയിലെ ജനങ്ങൾ വിധിയെഴുതിയതായി റഷ്യ സ്ഥിരീകരിച്ചു.
എന്നാൽ, റഷ്യൻ നീക്കത്തിനെതിരേ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങളെ തോക്കിൻമുനയിൽ നിർത്തിയാണ് വോട്ടെടുപ്പ് നടത്തിയതെന്ന് ജർമൻ വിദേശകാര്യമന്ത്രി അനേലിയ ബയിർബ്ലോക്ക് പറഞ്ഞു.