മതനിന്ദ ആരോപിച്ച് പാക്കിസ്ഥാനിൽ ക്രൈസ്തവ ദന്പതികളെ അറസ്റ്റ് ചെയ്തു
Monday, September 11, 2023 1:01 AM IST
ലാഹോർ: മതനിന്ദ ആരോപിച്ച് പാക്കിസ്ഥാനിലെ ലാഹോറിൽ ക്രൈസ്തവ ദന്പതികളെ അറസ്റ്റ് ചെയ്തു.
ഹർബൻസ്പുരയിലെ ഡോകേ സ്വദേശി ഷൗക്കത്ത് മസിഹും ഭാര്യ കിരണുമാണ് അറസ്റ്റിലായത്. സമീപവാസിയുടെ പരാതിയിൽ ആദ്യം കിരണിനെ അറസ്റ്റ് ചെയ്ത പോലീസ് പിന്നീട് ഷൗക്കത്തിനെയും പിടികൂടുകയായിരുന്നു. വിശുദ്ധഗ്രന്ഥത്തെ അപമാനിച്ചുവെന്നാണു കുറ്റം.
വീടിന്റെ മേൽക്കൂരയിൽനിന്നും ലാഹോറിലെ തെരുവുകളിൽനിന്നും ഖുറാന്റെ കീറിയ പേജുകൾ കണ്ടെത്തിയെന്ന് സമീപവാസിയായ മുഹമ്മദ് തൈമൂർ ആരോപിച്ചതിന്റെ പേരിലാണ് കേസും അറസ്റ്റും.
മതനിന്ദ ആരോപിച്ച് കഴിഞ്ഞമാസം ഫൈസലാബാദിലെ ജാറൻവാലയിൽ ആറായിരത്തോളം വരുന്ന അക്രമികൾ 21 പള്ളികളും 86 വീടുകളും ആക്രമിച്ചിരുന്നു. കലാപസമാനമായ സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ സർക്കാർ അന്വേഷണകമ്മീഷനെ നിയോഗിച്ചു.
മതനിന്ദയുടെ പേരിലല്ല മറിച്ച ഇരുവിഭാഗത്തിൽപ്പെട്ട വ്യക്തികൾ തമ്മിലുള്ള ഭിന്നതയാണ് ആരോപണത്തിനു പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു.