ഡ്രോണുകളും ബുള്ളറ്റ്പ്രൂഫ് കുപ്പായവും; കിം നാട്ടിലേക്കു മടങ്ങി
Monday, September 18, 2023 1:09 AM IST
മോസ്കോ: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ റഷ്യാസന്ദർശനം പൂർത്തിയാക്കി മടങ്ങി. ഡ്രോണുകളും ബുള്ളറ്റ്പ്രൂഫ് വസ്ത്രവും അടക്കമുള്ള സമ്മാനങ്ങൾ നല്കിയാണു റഷ്യൻ നേതാക്കൾ കിമ്മിനെ യാത്രയാക്കിയത്. ആറു ദിവസം നീണ്ട സന്ദർശനത്തിൽ റഷ്യൻ സൈനിക ഫാക്ടറികൾ സന്ദർശിക്കാനാണ് അദ്ദേഹം കൂടുതൽ സമയവും ചെലവഴിച്ചത്.
കിഴക്കൻ റഷ്യയിലെ അർത്യോം നഗരത്തിൽനിന്ന് കിം ഇന്നലെ സ്വന്തം ബുള്ളറ്റ്പ്രൂഫ് ആഡംബര ട്രെയിനിൽ ഉത്തരകൊറിയയിലേക്കു മടക്കയാത്ര ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനയുമായും ഉത്തരകൊറിയയുമായും അതിർത്തി പങ്കിടുന്ന റഷ്യൻ പ്രവിശ്യയായ പ്രിമോർയയിലെ ഗവർണർ ഒലെഗ് കൊസെമിയാക്കോ ആണ് കിമ്മിനു ഡ്രോണുകൾ സമ്മാനിച്ചത്. അഞ്ച് ചാവേർ ആക്രമണ ഡ്രോണുകളും ഒരു നിരീക്ഷണ ഡ്രോണുമാണു നല്കിയത്. വെടിയുണ്ടയെ തടയുന്ന ചട്ടയും തെർമൽ കാമറകളെ വെട്ടിക്കാൻ ശേഷിയുള്ള പ്രത്യേക കുപ്പായവും ഗവർണർ സമ്മാനിച്ചു.

ചൊവ്വാഴ്ച എത്തിയ കിം കിഴക്കൻ റഷ്യ മാത്രമാണു സന്ദർശിച്ചത്. ബുധനാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. തോക്കുകളാണ് ഇരുവരും പരസ്പരം സമ്മാനിച്ചത്.
ശനിയാഴ്ച കിം റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയ്ഗുവുമായി കൂടിക്കാഴ്ച നടത്തി. റഷ്യൻ ബോംബറുകളും പോർവിമാനങ്ങളും അത്യാധുനിക ഹൈപ്പർസോണിക് മിസൈലുകളും നിർമിക്കുന്ന ഫാക്ടറികൾ സന്ദർശിച്ചു.
റഷ്യക്ക് ആയുധങ്ങൾ വാഗ്ദാനം ചെയ്യാൻ ലക്ഷ്യമിട്ടാണ് കിമ്മിന്റ സന്ദർശനമെന്ന് പാശ്ചാത്യശക്തികൾ പറഞ്ഞിരുന്നു. എന്നാൽ, ഇത്തരം ധാരണകളൊന്നും ഒപ്പുവച്ചിട്ടില്ലെന്നാണു ക്രെംലിൻ അവകാശപ്പെടുന്നത്.