ഡ്രൂസ് സമുദായം ഡ്രൂസ് മതവിഭാഗത്തിൽപ്പെട്ടവർ ഏബ്രഹാമിന്റെ പാരന്പര്യം അവകാശപ്പെടുന്ന ഏകദൈവ വിശ്വാസികളാണ്. വടക്കൻ ഇസ്രയേൽ, ജോർദാൻ, സിറിയ എന്നിവടങ്ങളിലാണ് ഇവരുള്ളത്. 1967ലെ ആറുദിന യുദ്ധത്തിൽ ഇസ്രേലി സേന സിറിയയിലെ ഗോലാൻ കുന്നുകൾ പിടിച്ചെടുത്തു. 1981ൽ ഇസ്രേലി സർക്കാർ ഡ്രൂസുകൾക്ക് പൗരത്വം വാഗ്ദാനം ചെയ്തെങ്കിലും എല്ലാവരും സ്വീകരിക്കാൻ തയാറായില്ല. ഇസ്രേലി സേനയിലെ യഹൂദയിതര വിഭാഗങ്ങളിൽ എണ്ണംകൊണ്ട് മുന്നിൽ ഡ്രൂസുകളാണ്.
ഇറാന് വളർത്തിയ ഹിസ്ബുള്ള എൺപതുകളുടെ തുടക്കത്തിൽ ഇസ്രയേലിനെ എതിർക്കാനായി ഇസ്രയേലിന്റെ വടക്കൻ അതിർത്തിയിലുള്ള ലബനനിൽ ഇറാൻ രൂപീകരിച്ച ഷിയാ മുസ്ലിം സംഘടനയാണ് ഹിസ്ബുള്ള. ഈ സമയം ലബനന്റെ തെക്കൻ ഭാഗം ഇസ്രേലി അധിനിവേശത്തിലായിരുന്നു.
1992ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഹിസ്ബുള്ള ലബനനിലെ പ്രധാന രാഷ്ട്രീയ ശക്തിയായി മാറി. ഹിസ്ബുള്ളയുടെ സായുധവിഭാഗം ലബനനിലെ ഇസ്രേലി, യുഎസ് സേനകൾക്കെതിരേ നിരന്തരം ആക്രമണങ്ങൾ നടത്തി. 2000ൽ ഇസ്രേലി സേന ലബനനിൽനിന്ന് പിൻവാങ്ങിയതിന്റ ക്രെഡിറ്റ് ഹിസ്ബുള്ളകൾ സ്വന്തമാക്കി.
ഇസ്രേലി അതിർത്തിയിൽ പോരാളികളും മിസൈലുകളും ഹിസ്ബുള്ള വിന്യസിച്ചിട്ടുണ്ട്. 2006ൽ ഹിസ്ബുള്ളകൾ അതിർത്തികടന്ന് ഇസ്രയേലിൽ നടത്തിയ റെയ്ഡ് പൂർണയുദ്ധത്തിലാണു കലാശിച്ചത്. ഇസ്രേലി സേന ലബനനിൽ അധിനിവേശം നടത്തിയെങ്കിലും ഹിസ്ബുള്ളയെ ഉന്മൂലനം ചെയ്യാൻ കഴിഞ്ഞില്ല. ഇതിനുശേഷം ഹിസ്ബുള്ളയിൽ ആളും ആയുധവും വർധിച്ചുതുടങ്ങി. ഇറേനിയൻ നേതൃത്വവുമായി അടുത്ത ബന്ധമുള്ള ഷെയ്ഖ് ഹസൻ നസറുള്ളയാണ് ഹിസ്ബുള്ളാ മേധാവി.
ഇസ്രേലി സേന വധിക്കുമെന്ന ഭീതിയാൽ ഇദ്ദേഹം വർഷങ്ങളായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറില്ല. എല്ലാ ആഴ്ചയും ടിവി പ്രഭാഷണങ്ങൾ നടത്താറുണ്ട്.