വളർന്നു കൊണ്ടിരിക്കുന്ന പാർട്ടിയാണു കേരളാ കോണ്ഗ്രസ്: ജോസ് കെ. മാണി
1224065
Saturday, September 24, 2022 12:14 AM IST
തിരുവനന്തപുരം: കേരള സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വളർന്ന് കൊണ്ടിരിക്കുന്ന പാർട്ടിയാണ് കേരളാ കോണ്ഗ്രസ് - എം എന്നു പാർട്ടി ചെയർമാൻ ജോസ് കെ. മാണി എംപി പറഞ്ഞു. കേരളാ കോണ്ഗ്രസ് - എം തിരുവനന്തപുരം ജില്ലാ പ്രതിനിധി സമ്മേളനവും തെരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിക്കു പുറമെ വിവിധ പോഷക സംഘടനകളിൽ കൂടിയും സജീവമായി നിരവധിപേരാണ് പാർട്ടിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പാർട്ടിയുടെ പുന:സംഘടനയുടെ ഭാഗമായി നടത്തുന്ന സമ്മേളനങ്ങൾ ജനാധിപത്യപരമായാണ് നടക്കുന്നത്. മെംബർഷിപ് കാന്പയിനു ശേഷം മണ്ഡലം, നിയോജക മണ്ഡലം, ജില്ലാ കമ്മിറ്റികളെല്ലാം ജനാധിപത്യ രീതിയിൽ തന്നെയാണ് രൂപീകരിച്ചത്. അതാണ് പാർട്ടിയുടെ നയമെന്നും പാർട്ടി ചെയർമാൻ വ്യക്തമാക്കി.
കേരളാ കോണ്ഗ്രസ് - എം കേരള രാഷ്ട്രീയത്തിൽ അഭിഭാജ്യഘടകമായതായി മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ടു പറഞ്ഞു. പാവപ്പെട്ടവർക്കു വേണ്ടി പ്രവർത്തിക്കുന്നു എന്നതാണു പാർട്ടിയുടെ ശക്തിയെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
തോമസ് ചാഴിക്കാടൻ എംപി, അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ, പാർട്ടി ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി കക്കാട് എന്നിവർ പ്രസംഗിച്ചു. അഡ്വ. അലക്സ് ജേക്കബ് വരണാധികാരി ആയിരുന്നു. പാർട്ടി ജില്ലാ പ്രസിഡന്റായി സഹായദാസിനെ വീണ്ടും തെരഞ്ഞെടുത്തു.