കാര്യവട്ടത്തേക്ക് കെഎസ്ആർടിസി സർവീസ് നടത്തും
1225319
Tuesday, September 27, 2022 11:21 PM IST
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി ഏഴു മുതൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വ-20 ക്രിക്കറ്റ് മത്സരം കാണാൻ എത്തുന്നവർക്കായി കെഎസ്ആർടിസി വൈകുന്നേരം നാലു മുതൽ കൂടുതൽ സർവീസ് നടത്തും.
മത്സരം തീരുന്പോൾ കാര്യവട്ടത്തു നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് നടത്തും. ക്രിക്കറ്റിനുശേഷം തന്പാനൂരിൽ നിന്ന് തിരക്കനുസരിച്ച് കൊല്ലം, തിരുവനന്തപുരം, വെഞ്ഞാറമൂട്, നെടുമങ്ങാട് ഭാഗത്തേക്കും സർവീസ് നടത്തും.
വൈകുന്നേരം മൂന്നു മുതൽ കണിയാപുരം, വികാസ് ഭവൻ യൂണിറ്റുകളിലെ ജനറൽ കണ്ട്രോളിംഗ് ഇൻസ്പെക്ടർമാർ കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം കേന്ദ്രീകരിച്ചും പാപ്പനംകോട് ജനറൽ കണ്ട്രോളിംഗ് ഇൻസ്പെക്ടർ, പേരൂർക്കട ജനറൽ കണ്ട്രോളിംഗ് ഇൻസ്പെക്ടർ എന്നിവർ തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് കേന്ദ്രീകരിച്ചും സ്പെഷൽ സർവീസ് ക്രമീകരിക്കും.
ആറ്റിങ്ങൽ ക്ലസ്റ്റർ ഓഫീസർ കാര്യവട്ടം കേന്ദ്രീകരിച്ചും ആറ്റിങ്ങൽ അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസർ തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് കേന്ദ്രീകരിച്ചും സർവീസിന് മേൽനോട്ടം വഹിക്കും.
ഉച്ചക്ക് ശേഷം കാര്യവട്ടംവഴി കടന്നുപോകുന്ന ദീർഘ ദൂര സർവീസുകൾ യാത്രക്കാർ ആവശ്യപ്പെട്ടാൽ സ്റ്റേഡിയത്തിന് സമീപം നിർത്തി യാത്രക്കാരെ ഇറക്കാനും കയറ്റാനും നിർദേശം നൽകി.
ഗ്രീൻ ഫീൾഡ് സ്റ്റേഡിയത്തിന് സമീപം മുതൽ കണിയാപുരം വരെയും കാര്യവട്ടം കാന്പസിനുള്ളിലും കെഎസ്ആർടിസി ബസുകൾക്ക് പാർക്ക് ചെയ്യാൻ പോലീസ് അനുമതി നൽകിയിട്ടുണ്ട്.