യാത്രാ ഫ്യൂവൽസ് ഇനി വികാസ് ഭവനിലും
1265177
Sunday, February 5, 2023 10:52 PM IST
തിരുവനന്തപുരം : കെഎസ്ആർടിസിയുടെ ടിക്കറ്റേതര വരുമാനം വർധിപ്പിക്കുന്നതിന് വേണ്ടി നടപ്പാക്കി വിജയിച്ച യാത്രാഫ്യൂവൽസ് പദ്ധതി ഇനി വികാസ് ഭവനിലും.കെഎസ്ആർടിസി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനുമായി സഹകരിച്ച് ആരംഭിക്കുന്ന ആദ്യ ഒൗട്ട്ലെറ്റാണ് വികാസ് ഭവനിലേത്. നേരത്തെ ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് 12 ഒൗട്ട്ലെറ്റുകൾ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ ആരംഭിച്ചിരുന്നു.
കെഎസ്ആർടിസി യാത്രാ ഫ്യുവൽസിന്റെ വികാസ് ഭവൻ ഡിപ്പോയിലെ ഒൗട്ട്ലെറ്റ് ഇന്നു വൈകുന്നേരം അഞ്ചിനു ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.
വി.കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ ഡോ. ശശി തരൂർ എംപി, മേയർ ആര്യ രാജേന്ദ്രൻ, കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ, എച്ച്പിസിഎൽ ജനറൽ മാനേജർ സി.ആർ. വിജയകുമാർ തുടങ്ങിയവർ പങ്കെടുക്കും.കെഎസ്ആർടിസിയുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായാണ് പൊതുമേഖലാ എണ്ണക്കന്പനികളുമായി ചേർന്ന് കെഎസ്ആർടിസിയുടെ നിലവിലെ കണ്‍സ്യൂമർ പന്പുകൾക്കൊപ്പം പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുത്തുന്ന രീതിയിൽ ഇന്ധന ചില്ലറ വിൽപ്പന ശാലകൾ സ്ഥാപിച്ച് ടിക്കറ്റേതര വരുമാനം വർധിപ്പിക്കുന്നതിനായി യാത്ര ഫ്യൂവൽസ് എന്ന പദ്ധതി ആരംഭിച്ചിട്ടുള്ളത്.
വികാസ്ഭവൻ ഡിപ്പോയിലെ യാത്രാ ഫ്യൂവൽ ഒൗട്ട്ലെറ്റ് തിരുവനന്തപുരം സിറ്റിയിലെ രണ്ടാമത്തേതും ജില്ലയിലെ മൂന്നാമത്തേതുമാണ്.