യുക്തിരഹിത ആചാരങ്ങൾ ചോദ്യംചെയ്യപ്പെടണം: പരിഷത്ത്
1245885
Monday, December 5, 2022 12:39 AM IST
മഞ്ചേരി: അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തടയുന്നതിനായി അവക്കെതിരെ യുക്തിയുള്ള ചോദ്യങ്ങൾ ചോദിക്കാൻ വ്യക്തികളും സമൂഹവും തയാറാകണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്. പരിഷത്ത് ഭവനിൽ സംഘടിപ്പിച്ച അന്ധവിശ്വാസ നിർമാർജന കാന്പയിൻ എ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ ജനാർദനൻ അധ്യക്ഷത വഹിച്ചു.
അന്ധവിശ്വാസ നിർമാർജനം സാധ്യതകളും വെല്ലുവിളികളും വിഷയത്തിൽ സംഘടിപ്പിച്ച ലേഖന മത്സരത്തിൽ വി. ദിൽന, പി.എൻ നന്പീശൻ, കെ. ഡിജിന എന്നിവർ വിജയികളായി. വാർഡ് കൗണ്‍സിലർ അഡ്വ. പ്രേമാരാജീവ് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഏറനാട് താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് പി. നാരായണൻ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി ശ്യാംപ്രകാശ്, സെക്രട്ടറി ഉണ്ണികൃഷ്ണൻ മംഗലശേരി, ഇ.എം നാരായണൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് പരിഷത്തിന്റെ ഭാവിപരിപാടികൾ ജില്ലാ കമ്മിറ്റി അംഗം അഡ്വ. അനൂപ് പറക്കാട്ട് വിശദീകരിച്ചു. പി.കെ ശങ്കരനാരായണൻ, കെ.കെ ദിനേഷ്, വി.സി തോമസ്, പി. ശശിപ്രകാശ് എന്നിവർ പങ്കെടുത്തു.