സ്ത്രീ ശാക്തീകരണം, കൃഷി, വ്യവസായ മേഖലകൾക്ക് പ്രാധാന്യം
1280044
Thursday, March 23, 2023 12:16 AM IST
പെരിന്തൽമണ്ണ: സ്ത്രീ ശാക്തീകരണം, കൃഷി, വ്യവസായ മേഖലകൾക്ക് പ്രധാന്യം നൽകി 2023-24 വർഷത്തെ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് വനജ കുന്നംകുലത്ത് അവതരിപ്പിച്ചു. 43,39,85,465 രൂപ വരവും 43,28,11,286 രൂപ ചെലവും 11,64,180 രൂപ മിച്ചവും വരുന്നതാണ് ബജറ്റ്. ഇതിൽ ബ്ലോക്കിനു കീഴിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിക്ക് മാത്രമായി 22,21,57,767 രൂപയാണ് നീക്കിവച്ചത്.വികസന ഫണ്ട്, കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ട്, പട്ടികജാതി-വർഗ വിഭാഗം, പിഎംഎവൈ, ലൈഫ് വിഭാഗങ്ങളിലായി ആകെ 21,18,27,798 രൂപയാണ് വകയിരുത്തിയത്. ജന ശിക്ഷണ് സൻസ്ഥാൻ പ്രകാരം പരിശീലനം നൽകി വരുന്ന വനിതകൾക്ക് സ്ഥാപനങ്ങൾ തുടങ്ങാൻ സാന്പത്തിക സഹായം നൽകുന്ന പദ്ധതിക്ക് ഈ വർഷം തുടക്കമാകും. താഴെക്കോട് പഞ്ചായത്തിലെ അരക്കുപറന്പ് വില്ലേജിൽ വ്യവസായ പാർക്കിനായി അഞ്ചു ഏക്കറോളം സ്ഥലം വാങ്ങും. ക്ഷീര മേഖലയിൽ മിനി ഡയറി ഫാം സംഘങ്ങൾക്ക് റിവോൾവിംഗ് ഫണ്ട്, മിൽക്ക് ചില്ലിംഗ് ആൻഡ് വെന്റിംഗ് യൂണിറ്റ്, കറവ പശുക്കൾക്ക് കാലിത്തീറ്റ എന്നീ പദ്ധതികൾ ഈ വർഷം തുടങ്ങും.ജലജീവൻ മിഷൻ പദ്ധതിയുടെ പ്രയോജനം ലഭിക്കാത്ത പ്രദേശങ്ങളിൽ 30 മുതൽ 50 വീടുകളുടെ ക്ലസ്റ്ററുകൾ രൂപീകരിച്ച് കുടിവെള്ളം എത്തിക്കാൻ പദ്ധതിക്ക് രൂപം നൽകും.
അങ്ങാടിപ്പുറം കൃഷി സേവനകേന്ദ്രത്തിന്റെ സഹായം വ്യാപിപ്പിക്കും. വിത്ത്, വളം, ജൈവ കീടനാശിനി എന്നിവ വിതരണം ചെയ്യുന്നതിന് പുറമേ യന്ത്രോപകരണങ്ങൾ, വിദഗ്ധ പരിശീലനം ലഭിച്ചവരുടെ(ബയോ ആർമി) സേവനം കർഷകർക്ക് ലഭ്യമാക്കും.
ഫാർമർ പ്രൊഡ്യൂസർ കന്പനിയുമായി ചേർന്ന് കാർഷിക ഉത്പന്നങ്ങൾ ഗ്രാമീണ മേഖലകളിൽ നിന്നു സംഭരിച്ച് കർഷകർക്ക് ന്യായവില ഉറപ്പാക്കി വിപണനത്തിനു സംവിധാനമൊരുക്കും. നെൻമിനിയിൽ നിർമാണം പുരോഗമിക്കുന്ന പ്രീമെട്രിക് ഹോസ്റ്റൽ പ്രവൃത്തി ഒരു വർഷത്തിനകം പൂർത്തിയാക്കും. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു.