കാളികാവ് : ചോക്കാട് വാളക്കുളം ലക്ഷംവീട് കോളനിയിലെ ബഷീറിനും കുടുംബത്തിനും ഇത് ജൻമ സാഫല്യം. ജീർണിച്ച് നിലം പൊത്താറായ തങ്ങളുടെ വീട്ടിൽ നിന്നു മോചനം. പുതിയ വീടുപണി പൂർത്തീകരിച്ച് ഇവർ താമസം തുടങ്ങി.
ചോക്കാട് പഞ്ചായത്തിലെ മൂന്നാം വാർഡിലെ ലക്ഷംവീട് കോളനിയിൽ ഇരട്ട വീടുകൾ ഒറ്റ വീടുകളാക്കി പുതിയ വീടുകൾ നിർമിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. സംസ്ഥാന ഭവന ബോർഡിന്റെ സഹായത്തോടെയാണ് വീടുകൾ നിർമിക്കുന്നത്.
ഭിന്നശേഷിക്കാരനായ വല്ലാഞ്ചിറ ബഷീർ ഭിക്ഷാടനം നടത്തി ഉപജീവനം നടത്തുന്നയാളാണ്. ബഷീറിന്റെ വീട് പണി പൂർത്തിയായി. ചോക്കാട് പാലിയേറ്റീവ് കെയർ ക്ലിനിക്കിന്റെ നേതൃത്വത്തിൽ വീട് ടൈൽ വിരിച്ചു നൽകുകയും ചെയ്തു. അരനൂറ്റാണ്ട് മുന്പ് പണിത ബഷീറിന്റെ വീട് ഏറെ ജീർണിച്ച് തകർച്ചയിലായിരുന്നു. വലിയതോതിൽ വിണ്ടുകീറിയ ചുമരുകൾക്കുള്ളിൽ ഏറെ ഭയപ്പാടോടെയാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. ’ദീപിക’ ഇവരുടെ ദുരിതം നിരവധി തവണ വാർത്ത ചെയ്തിരുന്നു. കോളനിക്ക് സമീപം താമസിക്കുന്ന വാർഡ് മെംബർ കെ.ടി സെലീനയും ഭർത്താവ് കെ.ടി മജീദും നിരന്തരം പോരാടിയതോടെയാണ് ഭവന ബോർഡിൽ നിന്നു ഇവർക്ക് വീട് അനുവദിച്ചത്.