മേലാറ്റൂർ: കൂടിയാലോചനകളില്ലാതെ കുട്ടികളുടെ മധ്യവേനലവധിക്കാലം കവർന്നെടുക്കുകയും ശനിയാഴ്ച പ്രവൃത്തി ദിവസമാക്കി അമിത പഠനഭാരം അടിച്ചേൽപിക്കുകയും ചെയ്യുന്ന അശാസ്ത്രീയമായ അക്കാഡമിക് കലണ്ടർ പിൻവലിക്കണമെന്നാവശ്യപ്പെട്ടു കെപിഎസ്ടിഎ പ്രതിഷേധ സംഗമം നടത്തി.
ഇത്തരം തീരുമാനം നടപ്പാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ കെപിഎസ്ടിഎ മേലാറ്റൂർ ഉപജില്ലാ കമ്മിറ്റി മേലാറ്റൂർ ടൗണിലാണ് പ്രതിഷേധ സംഗമം നടത്തിയത്. കെപിഎസ്ടിഎ സംസ്ഥാന എച്ച്എം ഫോറം കണ്വീനർ പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ.മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. ഉപജില്ലാ സെക്രട്ടറി പി. ദീപക്, വി.ശ്രീനിവാസൻ, കെ.കെ. റഷിൻവീരാൻ, ഇ. ഹരീഷ്, കെ.വി.അബ്ദുറഹീം, എ.ജി.ശാലിനി, ടി.രാജീവ്, കെ.വി.സുലൈമാൻ, പി.ബി.ജോഷി, ടി.സോമസുന്ദരൻ എന്നിവർ പ്രസംഗിച്ചു.