ജൽജീവൻ പദ്ധതി: പുതിയ റോഡുകളും പൊളിക്കും
1338605
Wednesday, September 27, 2023 1:17 AM IST
നിലന്പൂർ: ജൽജീവൻ പദ്ധതിക്കായി പൊതുമരാമത്ത് വകുപ്പിന്റെ റോഡുകൾ വെട്ടിപൊളിക്കും. പുതിയതായി നിർമാണം പൂർത്തീകരിച്ച റോഡുകൾ ഉൾപ്പെടെ പൊളിക്കേണ്ടി വരുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ മുഹസിൻ പറഞ്ഞു.
ഓരോ വീട്ടിലും കുടിവെള്ളം എന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ ജൽജീവൻ പദ്ധതിക്കായാണ് പൈപ്പുലൈനുകൾ സ്ഥാപിക്കാൻ റോഡുകൾ വെട്ടിപൊളിക്കുക. കാലതാമസം കൂടാതെ റോഡുകൾ ജൽജീവൻ പദ്ധതി പ്രകാരം വാട്ടർ അഥോറിറ്റി പുനർനിർമിക്കും.
പൊതുമരാമത്ത് വകുപ്പിന്റെ നിലന്പൂർ റസ്റ്റ്ഹൗസിൽ പൊതുമരാമത്ത്, വാട്ടർ അഥോറിറ്റി ജീവനക്കാർ റോഡ് പൊളിക്കുന്നതിന്റെ മുന്നോടിയായാണ് യോഗം ചേർന്നത്.
വണ്ടൂർ, നിലന്പൂർ മണ്ഡലങ്ങളുടെ പരിധിയിൽ നിലന്പൂർ നഗരസഭ ഒഴികെയുളള ഭാഗങ്ങളിലെ റോഡുകളാണ് ഉൾപ്പെടുക. മലയോര ഹൈവേയും പൊളിക്കുന്നതിൽ ഉൾപ്പെടും. പുതിയ റോഡുകൾ ഉൾപ്പെടെ വെട്ടിപ്പൊളിക്കുന്നതും അത് പഴയ അവസ്ഥയിൽ പുനഃസ്ഥാപിക്കുന്നതിലെ കാലതാമസവും ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് ഇന്നലെ യോഗം ചേർന്നത്.
കോടികൾ ചെലവഴിച്ച് മനോഹരമാക്കിയ റോഡുകൾ ഉൾപ്പെടെയാണ് പൊളിക്കുന്നത്. റോഡ് നിർമിക്കുക, വെട്ടി പൊളിക്കുക, തുടർന്നു പുനർനിർമിക്കുക എന്ന പതിവ് പരിപാടിയാണ് ജൽജീവൻ പദ്ധതിയുടെ ഭാഗമായും നടക്കാൻ പോകുന്നത്.
കെആർഎഫ്ഡി അസിസ്റ്റന്റ് എൻജിനീയർ പ്രിൻസ് ബാലൻ, നിലന്പൂർ പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ മുഹസിൻ എന്നിവരാണ് യോഗത്തിൽ കാര്യങ്ങൾ വിശദീകരിച്ചത്.