നിലന്പൂർ ഉപതെരഞ്ഞെടുപ്പ്: വരവ് ചെലവ് പരിശോധന 10, 13, 17 തീയതികളിൽ
1565815
Monday, June 9, 2025 6:04 AM IST
നിലന്പൂർ: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സ്പെൻഡിച്ചർ ഒബ്സർവറായ അങ്കിത് ആനന്ദ് സ്ഥാനാർഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിന് ജില്ലയിലെത്തി. ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എക്സ്പെൻഡിച്ചർ മോണിറ്ററിംഗ് നോഡൽ ഓഫീസർ,
അസിസ്റ്റന്റ് എക്സ്പെൻഡിച്ചർ ഒബ്സർവർ എന്നിവരുമായി യോഗം ചേർന്ന് ആവശ്യമായ നിർദേശങ്ങൾ നൽകി. തെരഞ്ഞെടുപ്പിന് മുന്‍പ് മൂന്ന് ഘട്ടങ്ങളിലായി നടക്കേണ്ട സ്ഥാനാർഥികളുടെ പ്രതിദിന കണക്ക് സംബന്ധിച്ച പരിശോധന 10, 13, 17 തീയതികളിൽ നിലന്പൂർ താലൂക്ക് കോണ്‍ഫറൻസ് ഹാളിൽ നടക്കും.
എക്സ്പെൻഡിച്ചർ ഒബ്സർവറുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സ്പെൻഡിച്ചർ ഒബ്സർവറാണ് പരിശോധന നടത്തുക. സ്ഥാനാർഥികൾ പ്രതിദിന ചെലവ് കണക്കുകൾ കൃത്യമായി സൂക്ഷിക്കുകയും നിശ്ചയിച്ച ദിവസം സ്ഥാനാർഥി നേരിട്ടോ തെരഞ്ഞെടുപ്പ് ഏജന്റ് അധികാരപ്പെടുത്തിയ മറ്റേതെങ്കിലും വ്യക്തിയോ ബന്ധപ്പെട്ട രജിസ്റ്റർ സഹിതം പരിശോധനയ്ക്ക് എത്തണം.