ഉച്ചഭക്ഷണ വിതരണ പദ്ധതി പ്രതിസന്ധിയിൽ; സങ്കടഹർജിയുമായി കെപിപിഎച്ച്എ
1339702
Sunday, October 1, 2023 7:35 AM IST
മുക്കം: ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട നിരക്ക് വർധന, കുടിശിക അനുവദിക്കൽ തുടങ്ങിയവയുടെ കാര്യത്തിൽ അടിയന്തര പരിഹാരം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സങ്കടഹർജി കൈമാറി.
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് 2016ലെ നിരക്കാണ് സർക്കാർ അനുവദിച്ചു വരുന്നത്. ഈ തുക തന്നെ മാസങ്ങൾക്കു ശേഷമാണ് അനുവദിക്കുന്നതും. പലചരക്ക്, പച്ചക്കറി, പാൽ, മുട്ട, ഗ്യാസ് എല്ലാ സാധനങ്ങളുടെയും വില പല മടങ്ങ് വർധിച്ചു കഴിഞ്ഞു. ഈ നിരക്കിൽ ഉച്ചഭക്ഷണവും പാലും മുട്ടയും നൽകാൻ പണം തികയാത്ത അവസ്ഥയാണുള്ളത്.
ഒരാഴ്ചയിൽ ഒരു കുട്ടിക്ക് പരമാവധി 40 രൂപയാണ് ലഭിക്കുന്നത്. 300 മില്ലിലിറ്റർ പാലിന് 18 രൂപ, മുട്ടയ്ക്ക് ആറ് രൂപ ചെലവഴിച്ചു കഴിഞ്ഞാൽ ബാക്കി 16 രൂപ കൊണ്ട് ഒന്നിൽ കൂടുതൽ വിഭവങ്ങൾ ഉൾപ്പെടെ ഉച്ചഭക്ഷണം, ഗ്യാസിന്റെ ചെലവ്, അരിയുടെ വണ്ടി വാടക, കയറ്റിറക്ക് കൂലി എന്നിവയും നല്കണം. ഭീമമായ സംഖ്യയാണ് ഓരോ മാസവും പ്രധാന അധ്യാപകന് കടബാധ്യതയായി വരുന്നത്.
2016ൽ അനുവദിച്ച എട്ട് രൂപ നിരക്ക് ഉയർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പ്രഥമാധ്യാപകർ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാവണമെന്നും കെപിപിഎച്ച്എ മുക്കം ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സിബി കുര്യാക്കോസ് അധ്യക്ഷനായി.