മെഡിക്കൽ കോളജ് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ചെറുക്കും: മർച്ചന്റ്സ് അസോസിയേഷൻ
1226460
Saturday, October 1, 2022 12:29 AM IST
മാനന്തവാടി: ഗവ.മെഡിക്കൽ കോളജ് പദ്ധതി അട്ടിമറിക്കാൻ തത്പര കക്ഷികൾ നടത്തുന്ന നീക്കങ്ങളെ വ്യാപാരി സമൂഹം ജനപിന്തുണയോടെ ചെറുത്തുതോൽപ്പിക്കുമെന്നു മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലാ ആശുപത്രിയിൽ താത്കാലികമായി പ്രവർത്തിക്കുന്ന മെഡിക്കൽ കോളജിനായി ബോയ്സ് ടൗണിൽ സ്ഥിരനിർമാണം നടത്താനാണ് സർക്കാർ തീരുമാനം. ഇതിനെതിരേയാണ് ചിലർ രംഗത്തുവന്നിരിക്കുന്നത്.
ആദിവാസി-പിന്നാക്ക വിഭാഗങ്ങൾ ധാരാളമുള്ള വടക്കേ വയനാട്ടിൽ മതിയായ ചികിത്സാസംവിധാനങ്ങളില്ല. മാനന്തവാടിക്കു സമീപം മെഡിക്കൽ കോളജ് പ്രവർത്തിക്കേണ്ടത് വടക്കേ വയനാട്ടുകാരെ സംബന്ധിച്ചിടത്തോളം അനിവാര്യതയാണ്. മെഡിക്കൽ കോളജ് വിഷയത്തിൽ സമാന ചിന്താഗതിക്കാരായ പൊതുപ്രവർത്തകരുടെ യോഗം വ്യാപാര ഭവനിൽ വിളിച്ചുചേത്ത് ഭാവി പരിപാടികൾക്ക് രൂപം നൽകും.
മാനന്തവാടി-മൈസൂരു പാതയിൽ ബാവലി മുതൽ ബെള്ള വരെ ഭാഗം സഞ്ചാര യോഗ്യമാക്കുന്നതിനു അസോസിയേഷൻ കർണാടക സർക്കാരിൽ സമ്മർദം ചെലുത്തും. 118 വർഷം പഴക്കമുള്ള
മാനന്തവാടി ഡിവിഷനൽ ഫോറസ്റ്റ് ഓഫീസ് കെട്ടിടം മ്യൂസിയമാക്കണമെന്നും ഇവിടെ റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള 11 ഏക്കർ ബൊട്ടാണിക്കൽ ഗാർഡനാക്കണമെന്നും ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് കെ. ഉസ്മാൻ, ജനറൽ സെക്രട്ടറി പി.വി. മഹേഷ്, ട്രഷറർ എൻ.പി. ഷിബി, സി.കെ. സുജിത്, കെ.എക്സ്. ജോർജ്, എം.കെ. ഷിഹാബുദ്ദീൻ, ഇ.എ. നാസിർ, ജോണ്സണ് ജോണ് എന്നിവർ പങ്കെടുത്തു.