കടുവാ ഭീതി: മാർത്തോമ്മാ നഗർ മേഖലയിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി
1245230
Saturday, December 3, 2022 12:33 AM IST
ഗൂഡല്ലൂർ: കടുവ ഭീതിപരത്തുന്നതിനെത്തുടർന്ന് ഉൗട്ടി-മൈസൂർ ദേശീയ പാതയിലെ ഗൂഡല്ലൂരിനടുത്ത മാർത്തോമ്മാ നഗർ, പുത്തൂർവയൽ, ഏച്ചംവയൽ മേഖലകളിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി.
നാല് കാമറകൾ ഈ ഭാഗത്ത് സ്ഥാപിച്ചു. കഴിഞ്ഞ ദിവസം രാത്രി മുഴുവനും ഗൂഡല്ലൂർ റേഞ്ചർ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം ഈ ഭാഗത്ത് നിരീക്ഷണം നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ സാധിച്ചില്ല. കാമറയിലും ദൃശ്യം പതിഞ്ഞിട്ടില്ല. അതേസമയം കാമറകൾ സ്ഥാപിച്ചതിന്റെ അര കിലോമീറ്റർ അകലെ ഇന്നലെ രാവിലെ 6.30ന് നാട്ടുകാർ കടുവ റോഡ് മുറിച്ചു കടക്കുന്നതായി കണ്ടു. പുത്തൂർവയൽ ഭാഗത്ത് റോഡിലേക്ക് തൂങ്ങി നിന്നിരുന്ന കാടുകൾ ഡിഎഫ്ഒ കൊമ്മു ഓംകാരത്തിന്റെ ഉത്തരവ് പ്രകാരം വെട്ടി മാറ്റി.
ഈ മേഖലയിൽ തെരുവ് വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. നിരീക്ഷണത്തിനായി ഈ ഭാഗങ്ങളിൽ കൂടുതൽ വനംവകുപ്പ് ജീവനക്കാരെ നിയമിക്കുകയും ചെയ്തു. ജനം ഭീതിയോടെയാണ് കഴിയുന്നത്. കഴിഞ്ഞ ദിവസം പുത്തൂരിൽ സ്വകാര്യ ആശുപത്രിക്ക് സമീപം കോളജ് വിദ്യാർഥിനിയെ കടുവ ആക്രമിച്ചിരുന്നു. ഇവർ സഞ്ചരിച്ച ഇരുചക്രവാഹനത്തിന് നേരെ കടുവ ചാടുകയായിരുന്നു. പകൽ സമയങ്ങളിൽ പോലും ഇതുവഴി സഞ്ചരിക്കാൻ നാട്ടുകാർ ഭയപ്പെടുകയാണ്. ഏത് സമയവും കടുവയുടെ ആക്രമണം ഉണ്ടാകുമെന്ന ഭയത്തിലാണ് നാട്ടുകാർ. കടുവയെ മയക്കുവെടിവച്ച് പിടികൂടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഇതുവഴി സഞ്ചരിക്കുന്നവർ സൂക്ഷിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു.