പുൽപ്പള്ളി ജയശ്രീ ഹൈസ്കൂളിനു സുഗതകുമാരി പുരസ്കാരം
1246830
Thursday, December 8, 2022 1:12 AM IST
കൽപ്പറ്റ: വയനാട് പ്രകൃതി സംരക്ഷണ സമിതി ഹ്യൂം സെന്റർ ഫോർ ബയോളജി ആൻ ഇക്കോളജിയുമായി സഹകരിച്ച് കവയത്രി സുഗതകുമാരിയുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരത്തിനു പുൽപ്പള്ളി ജയശ്രീ ഹൈസ്കൂളിനെ തെരഞ്ഞെടുത്തു. സുഗതകുമാരിയുടെ രണ്ടാം ചരമവാർഷിക ദിനമായ 23നു ജയശ്രീ സ്കൂളിൽ അനുസ്മരണ സമ്മേളനത്തിൽ സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ പുരസ്കാര സമർപ്പണം നിർവഹിക്കും. അനുസ്മരണപ്രഭാഷണവും അദ്ദേഹം നടത്തും.
അഡ്വ.പി. ചാത്തുക്കുട്ടി, ജയരാജൻ മാസ്റ്റർ, ഡോ. സുമ വിഷ്ണുദാസ് എന്നിവർ പങ്കെടുക്കും. പരിസ്ഥിതി സംരക്ഷണം പ്രമേയമാക്കി സുഗതകുമാരി എഴുതിയ കവിതകളുടെ ജില്ലാതല ആലാപന മത്സരം 17ന് ജയശ്രീ സ്കൂളിൽ നടത്തും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കാണ് മത്സരം. വിജയികൾക്കുള്ള സമ്മാനങ്ങൾ 23ലെ പരിപാടിയിൽ വിതരണം ചെയ്യും.