അച്ചൂർ പാലം പുനർനിർമാണം: രാഹുൽഗാന്ധി എംപി കേന്ദ്രമന്ത്രിക്കു കത്തയച്ചു
1247047
Friday, December 9, 2022 12:14 AM IST
കൽപ്പറ്റ: പൊഴുതന പഞ്ചായത്തിലെ അച്ചൂരിനെ വൈത്തിരി-തരുവണ റോഡുമായി ബന്ധിപ്പിക്കുന്ന സ്റ്റീൽ പാലവും മലപ്പുറം ജില്ലയിലെ എടക്ക, മൂത്തേടം പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന മുപ്പിനി-വരക്കോട്-പുന്നപ്പുഴ പാലവും പിഎംജിഎസ് പദ്ധതി മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി എത്രയുംവേഗം പുനർനിർമിക്കുന്നതിനു രാഹുൽഗാന്ധി എംപി കേന്ദ്ര ഗ്രാമ വികസന മന്ത്രി ഗിരിരാജ് സിംഗിന് കത്തയച്ചു. മണ്ഡലത്തിലെ ജനങ്ങളുടെ സാമൂഹിക-സാന്പത്തിക പുരോഗതിക്ക് ഗ്രാമീണ കണക്ടിവിറ്റി മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും പദ്ധതികൾ വേഗത്തിലാക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
പിഎംജിഎസ് പദ്ധതി മൂന്നാം ഘട്ടത്തിൽ മണ്ഡലത്തിൽ അനുവദിക്കേണ്ട റോഡുകളുടെയും പാലങ്ങളുടേയും വിവരം ഉൾപ്പെടുത്തി ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിനും ജൂലൈ 27നും എംപി പ്രപ്പോസൽ സമർപ്പിച്ചിരുന്നു. ഇതിൽപ്പെട്ട പിണങ്ങോട്-കമ്മാടംകുന്ന്-അച്ചൂർ റോഡ് നവീകരിക്കുന്നതിന് പ്രാഥമിക അംഗീകാരമായി.
ഈ റോഡിന്റെ അറ്റത്തുള്ള ഇരുന്പുപാലത്തിന് കാലപ്പഴക്കത്തിൽ ബലക്ഷയം സംഭവിച്ചതിനാൽ പുതിയ പാലം നിർമിക്കണം. ഇതിനായി പ്രദേശത്തെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ഏൽപ്പിച്ച നിവേദനം എംപി സംസ്ഥാന ഗ്രാമീണ റോഡ് വികസന ഏജൻസിക്ക് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് കേന്ദ്ര മന്ത്രിക്കു കത്തയച്ചത്.