കമ്മന ബാലകൃഷ്ണന് ജൈവ വൈവിധ്യ ബോർഡ് അവാർഡ്
1263149
Sunday, January 29, 2023 11:22 PM IST
മാനന്തവാടി: എടവക കമ്മന അന്പളി നിലയത്തിൽ എ. ബാലകൃഷ്ണന് സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ പുരസ്കാരം. സസ്യജാലക വിഭാഗത്തിൽ മികച്ച സംരക്ഷക കർഷകനുള്ള പുരസ്കാരമാണ് ബാലകൃഷ്ണന് ലഭിച്ചത്. പരിസ്ഥിതി സംരക്ഷണ, ജൈവവൈവിധ്യ സംരക്ഷണ രംഗങ്ങളിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ പുരസ്കാരത്തിനു അർഹനാക്കിയത്. ഫെബ്രുവരി 19, 20 തീയതികളിൽ കേഴിക്കോട് ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ നടത്തുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും.
അശ്വതി, സുവർണ ഇനം കുരുമുളക് വള്ളികൾ ബാലകൃഷ്ണൻ വികസിപ്പിച്ചിരുന്നു. പ്രീതി എന്ന ഇനം കുരുമുളക് വികസിപ്പിച്ച് പാറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്. കല്ലുവള്ളി, വാലൻകൊട്ട, ചെറുവള്ളി, ഉതിരൻകോട്ട, കറുത്ത വാലൻകോട്ട, കരിങ്കോട്ട, മൂലന്തേരി, ഉപ്പുതിര തുടങ്ങിയ ഇനം കുരുമുളക് വള്ളികളുടെ ജനിതക ശേഖരം ബാലകൃഷ്ണന്റെ പക്കലുണ്ട്. 127 ഇനം ഒൗഷധസസ്യങ്ങളെ അദ്ദേഹം സംരക്ഷിക്കുന്നുണ്ട്.
മികച്ച വിളവ് ലഭിക്കുന്ന 24 ഓളം മഞ്ഞൾ ഇനങ്ങളും സോന ഇനത്തിൽ ഗന്ധകശാല പൂന്പൊടി ചേർത്ത് സ്വന്തമായി വികസിപ്പിച്ച് ജിഎസ് വണ്‍ നെല്ലും കൃഷി ചെയ്യുന്നുണ്ട്. 2008ൽ കർഷക ശാസ്ത്രജ്ഞ അവാർഡും 2009ൽ ദേശീയ കർഷക അവാർഡും ബാലകൃഷ്ണന് ലഭിച്ചിട്ടുണ്ട്.