കടുവ ചത്ത സംഭവത്തിൽ കർഷകനെതിരേ കേസ്: കിസാൻ സഭ മാർച്ച് നടത്തി
1264649
Saturday, February 4, 2023 12:01 AM IST
കൽപ്പറ്റ: നെൻമേനി പൊൻമുടിക്കോട്ടയ്ക്കു സമീപം തോട്ടത്തിൽ കെണിയിൽ കുടുങ്ങി കടുവ ചത്ത സംഭവത്തിൽ സ്ഥലം ഉടമയും വയോധികനുമായ കർഷകൻ മാനുവിനെ കേസെടുത്ത് പീഡിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് കിസാൻസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗത്ത് വയനാട് ഡിഎഫ്ഒയുടെ കാര്യാലയത്തിലേക്ക് മാർച്ച് നടത്തി.
സിപിഐ ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തു ആരംഭിച്ച മാർച്ച് ഡിഎഫ്ഒ ഓഫീസിനു സമീപം പോലീസ് തടഞ്ഞു.
തുടർന്നു ചേർന്ന യോഗം സിപിഐ സംസ്ഥാന കൗണ്‍സിൽ അംഗം വിജയൻ ചെറുകര ഉദ്ഘാടനം ചെയ്തു. വന്യമൃഗങ്ങളുടെ കാടിറക്കം തടയാൻ വനം അധികാരികൾക്കു കഴിയുന്നില്ലെങ്കിൽ പ്രതിരോധ പരിപാടികൾ സ്വയം നടപ്പാക്കാൻ ജനം നിർബന്ധിതമാകുമെന്ന് അദ്ദേഹം പറഞ്ഞു. കിസാൻ സഭ ജില്ലാ പ്രസിഡന്റ് പി.എം. ജോയി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ.അന്പി ചിറയിൽ, വി.കെ. ശശിധരൻ, എം.വി. ബാബു, വി. യൂസഫ്, വി. ദിനേശൻ എന്നിവർ പ്രസംഗിച്ചു.