വയനാട് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽനിന്നു എൽഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി
1265780
Tuesday, February 7, 2023 11:27 PM IST
കൽപ്പറ്റ: ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽനിന്നു എൽഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. ഭരണസമിതി യോഗത്തിൽ വന്യജീവി ശല്യവുമായി ബന്ധപ്പെട്ടു സംസാരിക്കുന്നതിനിടെ പ്രസിഡന്റും യൂത്ത് കോണ്ഗ്രസ് ജില്ലാ അധ്യക്ഷനുമായ സംഷാദ് മരക്കാർ വച്ച നിർദേശങ്ങളിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.
1972ലെ വന നിയമത്തിൽ മാറ്റം വരുത്തുന്നതിലും വന്യമൃഗങ്ങൾ മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾക്കുള്ള പരിഹാരധനം കലാനുസൃതമായി പുതുക്കുന്നതിലും വനത്തിലെ തേക്ക്, യൂക്കാലി മരങ്ങൾ നീക്കം ചെയ്യുന്നതിലും ജില്ലാ പഞ്ചായത്തിന്റെ ഇടപെടൽ ഉണ്ടാകമെന്ന് എൽഡിഎഫ് അംഗം സുരേഷ് താളൂർ യോഗത്തിൽ നിർദേശിച്ചു.
വിഷയത്തിൽ ഏറ്റവും ഒടുവിലാണ് പ്രസിഡന്റ് സംസാരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രധാനമന്ത്രി, മുഖ്യമന്ത്രി, വനംമന്ത്രി തുടങ്ങിയവർക്ക് നൽകുന്ന കത്തിൽ 7,000 കോടിയുടെ വയനാട് പാക്കേജിൽ വന്യജീവി ശല്യം പരിഹരിക്കാൻ തയാറാക്കിയ പദ്ധതിക്കു ചെലവിനത്തിൽ കണക്കാക്കിയ 480 കോടി അനുവദിക്കുക, വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് ജില്ലയിലെ കർഷകർക്ക് ലഭിക്കാനുള്ള 1.2 കോടി രൂപ എത്രയും പെട്ടെന്ന് ലഭ്യമാക്കുക, പരിക്കേൽക്കുന്നവരുടെ ചികിത്സച്ചെലവ് സർക്കാർ ഏറ്റെടുക്കുക, കൊല്ലപ്പെടുന്ന വളർത്തുമൃഗങ്ങളുടെ ഉടമകൾക്ക് മാർക്കറ്റ് വില അടിസ്ഥാനമാക്കി നഷ്ടപരിഹാരം അനുവദിക്കുക, സർവകക്ഷി യോഗത്തിൽ വനം മന്ത്രി ഉറപ്പുനൽകിയ ആർആർടി സംവിധാനം രൂപീകരിക്കുക, വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബാംഗങ്ങളിൽ ഒരാൾക്ക് സ്ഥിരം സർക്കാർ ജോലി നൽകുക തുടങ്ങിയ ആവശങ്ങളും ഉൾപ്പെടുത്തണമെന്ന് പ്രസിഡന്റ് നിർദേശിച്ചു. ഇതിനു പിന്നാലെയായിരുന്നു എൽഡിഎഫ് അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്.
ഇത് രാഷ്ട്രീയ നാടകമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉഷാ തന്പി, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബീന ജോസ്, കെ.ബി. നസീമ, സീത വിജയൻ, അമൽ ജോയി എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.