22.5 കോടിയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി
1266122
Wednesday, February 8, 2023 11:45 PM IST
കൽപ്പറ്റ: ജില്ലയിൽ വന്യജീവി പ്രതിരോധത്തിന്റെ ഭാഗമായി വനാതിർത്തിയിലെ ക്രാഷ് ഗാഡ് ഫെൻസിംഗിന് 22.5 കോടി രൂപയുടെ പ്രവൃത്തികൾക്കു ഭരണാനുമതി ലഭിച്ചതായി കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖ്, സുൽത്താൻബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ എന്നിവർ അറിയിച്ചു.
സൗത്ത് വയനാട് വനം ഡിവിഷൻ പരിധിയിൽ ദാസനക്കര-പാതിരിയന്പം, പാത്രമൂല-കക്കോടൻ ബ്ലോക്ക് എന്നിവിടങ്ങളിലായി 15 ഉം കൊമ്മഞ്ചേരിയിൽ 3.5 ഉം വേങ്ങോട്-ചെന്പ്ര അഞ്ചും കുന്നുംപുറം-പത്താംമൈൽ മൂന്നും വടക്കനാട് 4.5 ഉം പാഴൂർ, തോട്ടമൂല ഭാഗത്ത് 6.5 ഉം കിലോ മീറ്റർ ക്രാഷ് ഗാഡ് ഫെൻസിംഗിനാണ് കിഫ്ബി സ്പെഷൽ ഇൻവെസ്റ്റ്മെന്റ് പ്ലാനിൽ ഉൾപ്പെടുത്തി ഭരണാനുമതിയായത്.
പ്രവൃത്തി വേഗത്തിൽ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഫോറസ്റ്റ് പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ ഡി. ജയപ്രസാദുമായി എംഎൽഎമാർ ചർച്ച നടത്തി. ജനകീയ കമ്മിറ്റി രൂപീകരിച്ച് ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും അഭിപ്രായങ്ങളും കണക്കിലെടുത്ത് പദ്ധതികൾ നടപ്പാക്കണമെന്ന് എംഎൽഎമാർ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ ഡിഎഫ്ഒമാർക്ക് നിർദേശം നൽകുമെന്നും പ്രവൃത്തി നിർവഹണത്തിന് സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസിയെ ചുമതലപ്പെടുത്തിയതായും പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ അറിയിച്ചു. വയനാട്ടിൽ പ്രത്യേക യോഗം ചേരുമെന്നു എംഎൽഎമാർ അറിയിച്ചു.