എൽഡിഎഫിന്റേത് സമരാഭാസം: കോണ്ഗ്രസ്
1266127
Wednesday, February 8, 2023 11:45 PM IST
കൽപ്പറ്റ: വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണം കൊണ്ട് ജനങ്ങളുടെ ജീവനും കാർഷിക വിളകളും നശിച്ച് ജനജീവിതം ദുാഹമായിരിക്കുന്ന സാഹചര്യത്തിൽ സമരാഭാസവുമായി ഇറങ്ങിയ എൽഡിഎഫ് സമരം ചെയ്യേണ്ടത് ക്ലിഫ് ഹൗസിന് മുന്നിലാണെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷമായി പിണറായി സർക്കാർ വയനാടിനോട് കടുത്ത അവഗണനയാണ് കാണിച്ചത്. ഭരിക്കുന്ന പാർട്ടി എന്ന നിലയിൽ പ്രശ്ന പരിഹാരത്തിന് ശക്തമായ ഇടപെടൽ നടത്തേണ്ടതിനു പകരം ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട എൽഡിഎഫ് ജനശ്രദ്ധ തിരിച്ചുവിടുന്നതിന് വേണ്ടി വയനാട്ടിൽ നടത്തുന്ന സമരങ്ങൾ അപഹാസ്യവും സ്വയം മുഖം വികൃതമാക്കുന്നതുമാണെന്നും ഡിസിസി നേതൃയോഗം കുറ്റപ്പെടുത്തി.
കാർഷിക, ആരോഗ്യ, വിദ്യാഭ്യാസ, പൊതുഗതാഗത മേഖലകളിലടക്കം ജില്ല നേരിടുന്ന നിരവധി സാമൂഹ്യ വിഷയങ്ങളിൽ എൽഡിഎഫ് വക്താക്കളായ സിപിഎം മൗനം പാലിക്കുകയാണ്. ഭരണവും സമരവും ഒന്നിച്ച് കൊണ്ടുപോയി ജില്ലയിലെ ജനങ്ങളെ വിഡഢികളാക്കാമെന്ന് സിപിഎമ്മും എൽഡിഎഫും കരുതേണ്ട.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുൻപ് പിണറായി വിജയൻ പ്രഖ്യാപിച്ച 7,000 കോടി രൂപയുടെ വയനാട് പാക്കേജിൽ ജില്ലയ്ക്ക് എന്ത് നൽകിയെന്ന് എൽഡിഎഫ് ജനങ്ങളോട് വ്യക്തമാക്കണം. രാഷ്ട്രീയ താത്പര്യങ്ങൾക്കുവേണ്ടി വയനാട്ടിലെ ജനങ്ങളെ പറഞ്ഞു പറ്റിക്കുന്ന എൽഡിഎഫ് നിലപാടിന് ജനങ്ങൾ മാപ്പു നൽകില്ല. യോഗത്തിൽ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം, കെപിസിസി എക്സിക്യൂട്ടീവ് അംഗം കെ.എൽ. പൗലോസ്, പി.കെ. ജയലക്ഷ്മി, കെ.കെ. വിശ്വനാഥൻ, പി.പി. ആലി, വി.എ. മജീദ് എന്നിവർ പ്രസംഗിച്ചു.