ക്ഷീര വികസന വകുപ്പ് മാധ്യമ പുരസ്കാരം റേഡിയോ മാറ്റൊലിക്ക്
1266129
Wednesday, February 8, 2023 11:45 PM IST
മാനന്തവാടി: കേരള സംസ്ഥാന ക്ഷീര വികസന വകുപ്പ് നൽകുന്ന 2022 ലെ മാധ്യമ അവാർഡിന് ശ്രവ്യ മാധ്യമ വിഭാഗത്തിൽ റേഡിയോമാറ്റൊലി ടെക്നീഷ്യനും പ്രോഗ്രാം പ്രൊഡ്യൂസറുമായ കെ. ശ്രീകാന്ത് കൊട്ടാരത്തിൽ അർഹനായി. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ക്ഷീരമേഖലയിലൂടെ അതിജീവനം സാധ്യമാക്കിയ ചാലിഗദ്ധ ഗ്രാമത്തിലെ ശാന്തയുടെ വിജയഗാഥ പരിചയപ്പെടുത്തിയ റേഡിയോ മാറ്റൊലിയുടെ ക്ഷീരവാണി പരിപാടിയാണ് പുരസ്കാരത്തിന് അർഹമായത്.
ജില്ലയിലെ പാർശ്വവത്കരിക്കപ്പെട്ടവരുടേയും സാധാരണക്കാരായ കർഷകരുടേയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന റേഡിയോമാറ്റൊലിക്ക് തുടർച്ചയായി മൂന്നാം തവണയാണ് ക്ഷീര വികസന വകുപ്പിന്റെ മാധ്യമ പുരസ്കാരം ലഭിക്കുന്നത്.
ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ മണ്ണുത്തി വെറ്ററിനറി യൂണിവേഴ്സിറ്റി ക്യാന്പസിൽ നടക്കുന്ന സംസ്ഥാന ക്ഷീര സംഗമം ’പടവ് 2023’ ന്റെ വേദിയിൽ 13 ന് അവാർഡ് നൽകും.