സപ്തതി നിറവിൽ മുള്ളൻകൊല്ലി സെന്റ് തോമസ് എയുപി സ്കൂൾ
1279503
Tuesday, March 21, 2023 12:02 AM IST
പുൽപ്പള്ളി: 1953 ൽ പ്രവർത്തനമാരംഭിച്ച മുള്ളൻകൊല്ലി സെന്റ് തോമസ് എയുപി സ്കൂൾ ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ട് സപ്തതി ആഘോഷത്തിനൊരുങ്ങുന്നു.
മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളിലെ പതിനായിരക്കണക്കിന് കുട്ടികൾക്ക് അറിവിന്റെ ദീപം പകർന്നു നൽകിയ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ് സെന്റ് തോമസ് എയുപി സ്കൂൾ മുള്ളൻകൊല്ലി.
സപ്തതി വർഷത്തിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഹെടെക് ക്ലാസ് മുറികളുള്ള പുതിയ സ്കൂൾ കെട്ടിടം ലഭിക്കുന്നത് ഇരട്ടി മധുരം നൽകുന്നതാണ്. സെന്റ് തോമസ് എയുപി സ്കൂളിന്റെ നേതൃത്വത്തിൽ 22ന് രാവിലെ 10.30ന് മുള്ളൻകൊല്ലി ക്വീൻ മേരി ഓഡിറ്റോറിയത്തിൽ സപ്തതി ആഘോഷങ്ങൾക്കു വേണ്ടി 101 അംഗ കമ്മിറ്റി രൂപീകരണം നടത്തും.
മുള്ളൻകൊല്ലി യുപി സ്കൂളിൽ പഠിച്ചിറങ്ങിയ എല്ലാവരും യോഗത്തിൽ പങ്കെടുക്കണമെന്ന് ഹെഡ്മാസ്റ്റർ കെ.ജി. ജോണ്സണ് അറിയിച്ചു.