മൾട്ടി പർപസ് കെട്ടിടം, കാത്ത് ലാബ് ഉദ്ഘാടനം രണ്ടിന്
1281408
Monday, March 27, 2023 12:22 AM IST
മാനന്തവാടി: ഗവ.മെഡിക്കൽ കോളജ് വളപ്പിൽ നിർമാണം പൂർത്തിയായ മൾട്ടി പർപസ് കെട്ടിടത്തിന്റെയും കാത്ത് ലാബിന്റെയും ഉദ്ഘാടനം ഏപ്രിൽ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
45 കോടി രൂപ ചെലവിലാണ് ഏഴു നിലകളിൽ മൾട്ടി പർപ്പസ് കെട്ടിടം നിർമിച്ചത്. മെഡിക്കൽ ഒപി, എക്സറേ യൂണിറ്റ്, റേഡിയോളജി, നെഫ്രോളജി വിഭാഗങ്ങൾ, ഡയാലിസിസ് സെന്റർ, സ്ത്രി, പുരുഷ വാർഡുകൾ തുടങ്ങിയവ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും. വിശാലമായ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. എട്ടുകോടി രൂപ വിനിയോഗിച്ചാണ് കാത്ത് ലാബ് നിർമിച്ചത്. ജില്ലയുമായി അതിരിടുന്ന കേളകം, കൊട്ടിയൂർ, ബാവലി, ബൈരക്കുപ്പ പ്രദേശങ്ങളിലുളളവർക്കും കാത്ത് ലാബ് ആശ്വാസമാകും. ഉദ്ഘാടനച്ചടങ്ങിൽ മന്ത്രിമാരായ വീണാ ജോർജ്, പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
കെട്ടിടം, കാത്ത് ലാബ് ഉദ്ഘാടനത്തിന് സ്വാഗതസംഘം രൂപീകരിച്ചു. ഇതിനായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡോ.രേണുരാജ്, ഒ.ആർ. കേളു എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, മുനിസിപ്പൽ ചെയർപേഴ്സണ് സി.കെ. രത്നവല്ലി, വിവിധ വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി ജില്ലാ കളക്ടർ ഡോ.രേണുരാജ്(കണ്വീനർ), ഒ.ആർ. കേളു എംഎൽഎ(ചെയർമാൻ), എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ(അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.