കൽപ്പറ്റ മുനിസിപ്പൽ ബജറ്റ്! ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾക്ക് ഊന്നൽ
1282316
Thursday, March 30, 2023 12:16 AM IST
കൽപ്പറ്റ: നഗരസഭാ ബജറ്റിൽ ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾക്ക് ഊന്നൽ. പരിസ്ഥിതി സംരക്ഷണം, ടൂറിസം വികസനം, അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ തുടങ്ങിയവയ്ക്കും ബജറ്റിൽ പ്രാധാന്യം ലഭിച്ചു. 68.68 കോടി രൂപ വരവും 67.72 കോടി രൂപ ചെലവും കണക്കാക്കുന്നതാണ് വൈസ് ചെയർപേഴ്സണ്‍ കെ. അജിത അവതരിപ്പിച്ച ബജറ്റ്.
ടൗണ്‍ഹാൾ നിർമാണം-അഞ്ചു കോടി രൂപ, കുടിവെള്ള പദ്ധതി-ആറു കോടി, ഭവന പദ്ധതികൾ-11.2 കോടി, പരിസ്ഥിതി സൗഹൃദ പാർക്കിനു സ്ഥലം ഏറ്റെടുക്കൽ-മൂന്നു കോടി, മാലിന്യ സംസ്കരണം-രണ്ടു കോടി, വിദ്യഭ്യാസ മേഖലയിലെ വിവിധ പ്രവർത്തനങ്ങൾ-90 ലക്ഷം എന്നിങ്ങനെ ബജറ്റിൽ തുക വകയിരുത്തി. നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിലവിൽ നടന്നുവരുന്ന ഡ്രൈനേജ് നവീകരണം, ഫുട്പാത്ത് നിർമാണം എന്നിവ കൈനാട്ടി വരെ ദീർഘിപ്പിക്കുന്നതിനു രണ്ട് കോടി രൂപ നീക്കിവച്ചു. ബൈപാസ് നവീകരിച്ച് പാതയോരത്ത് നൈറ്റ് ലൈഫ് സെന്ററുകൾ സ്ഥാപിക്കുന്നതിനു രണ്ട് കോടി രൂപ വകയിരുത്തി. മുണ്ടേരി പാർക്ക്-65 ലക്ഷം, ബഡ്സ് സ്കൂൾ നടത്തിപ്പ്, കാൻസർ-കിഡ്നി രോഗികൾക്കു സമാശ്വാസം-18 ലക്ഷം എന്നിങ്ങനെയും തുക നീക്കിവച്ചു.
ചെയർമാൻ കെയെംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ അഡ്വ.ടി.ജെ. ഐസക്, ജൈന ജോയ്, അഡ്വ.എ.പി. മുസ്തഫ, ഒ. സരോജിനി, സി.കെ. ശിവരാമൻ, കൗണ്‍സിലർമാരായ ഡി. രാജൻ, ടി. മണി, വിനോദ്കുമാർ, എം.ബി. ബാബു, ആയിഷ പള്ളിയാൽ, സെക്രട്ടറി അലി അസ്ഹർ തുടങ്ങിയവർ പ്രസംഗിച്ചു.