കൽപ്പറ്റ: മുണ്ടേരിയിലെ മുനിസിപ്പൽ പാർക്ക് നവീകരണം പൂർത്തിയായി. ഉദ്ഘാടനം 27ന് വൈകുന്നേരം നാലിന് ടി. സിദ്ദീഖ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.
ഓപ്പണ്‍ സ്റ്റേജ്, കുട്ടികളുടെ ഉദ്യാനം, ഗ്രാഫിറ്റി ചുവരെഴുത്തുകൾകൊണ്ട് അലങ്കരിച്ച ഇരിപ്പിടങ്ങൾ, ടോയ്ലെറ്റ് എന്നിവ 89 സെന്റ് വിസ്തീർണമുള്ള പാർക്കിന്റെ ഭാഗമാണ്.
ഓപ്പണ്‍ ജിം, മിനി കഫ്റ്റീയ, പീസ് സോണ്‍ എന്നിവയും പാർക്കിൽ ഒരുക്കും. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഏകദേശം 60 ലക്ഷം രൂപ ചെലവഴിച്ചാണ് പാർക്ക് നവീകരണം നടത്തിയതെന്നു മുനിസിപ്പൽ ചെയർമാൻ കെയെംതൊടി മുജീബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നടപ്പുവർഷത്തിൽ തുടർ പ്രവർത്തനങ്ങൾക്കു 15 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഡെസ്റ്റിനേഷൻ ചലഞ്ചിൽ പാർക്കിനായി വിശദമായി എസ്റ്റിമേറ്റ് തയാറാക്കി 50 ലക്ഷം രൂപയുടെ പ്രവൃത്തികൾക്കു അനുമതി തേടിയിട്ടുണ്ട്. ഈ തുകകൾ കൂടി ഉപയോഗപ്പെടുത്തുന്നതോടെ നഗരത്തിലെ മികച്ച ഉല്ലാസ കേന്ദ്രമായി പാർക്ക് മാറുമെന്ന പ്രതീക്ഷയിലാണ് നഗരസഭ.