ബസ് അപകടത്തിൽ പരിക്കേറ്റ് ആശുപത്രികളിൽ കഴിയുന്നവരെ മന്ത്രിമാർ സന്ദർശിച്ചു
1339860
Monday, October 2, 2023 12:53 AM IST
ഊട്ടി: ഊട്ടി-മേട്ടുപാളയം ദേശീയ പാതയിലെ കുന്നൂർ മരപ്പാലത്തിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് കുന്നൂർ, ഊട്ടി ഗവ. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ ആരോഗ്യമന്ത്രി എൻ. സുബ്രഹ്മണ്യൻ, ടൂറിസം മന്ത്രി കെ. രാമചന്ദ്രൻ എന്നിവർ സന്ദർശിച്ചു.
ഗുരുതരമായി പരിക്കേറ്റ് ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിലുള്ള രണ്ടു പേർക്ക് ഒരു ലക്ഷം രൂപ വീതവും കുന്നൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള 32 പേർക്ക് 50,000 രൂപ വീതവും സഹായധനം മന്ത്രിമാർ വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് മന്ത്രിമാർ ആശുപത്രികളിലെത്തിയത്. അപകടം സ്ഥലവും ഇവർ സന്ദർശിച്ചു. അപകടത്തിൽ ഒന്പതു പേരാണ് മരിച്ചത്.
ഇവരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായമായി രണ്ടു ലക്ഷം രൂപ വീതം നൽകി. അഡീഷനൽ ചീഫ് സെക്രട്ടറി പ്രഭാകരൻ, ജില്ലാ കളക്ടർ എം. അരുണ, നീലഗിരി എസ്പി ഡോ.കെ. പ്രഭാകരൻ, ഡിആർഒ കീർത്തി പ്രിയദർശിനി തുടങ്ങിയവർ മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു.