കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള പുനരധിവാസ പദ്ധിതികൾക്ക് ആവശ്യമായ സാങ്കേതിക സഹായം സൗജന്യമായി നൽകുമെന്ന് എൻജിനിയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്).
ദുരിത ബാധിതർക്കായി സർക്കാരും സന്നദ്ധ സംഘടനകളും വ്യക്തികളും രാഷ്ട്രീയ പാർട്ടികളും വിഭാവനം ചെയ്തിട്ടുള്ള വിവിധ പുനരധിവാസ പദ്ധിതികളുടെ രൂപകൽപനയും മേൽനോട്ടവും മറ്റ് സാങ്കേതിക സഹായങ്ങളും ലെൻസ്ഫെഡ് സൗജന്യമായി ചെയ്തു കൊടുക്കും.
ഇതിന്റെ ഭാഗമായി ലെൻസ്ഫെഡ് സംസ്ഥാന സമിതി അംഗങ്ങളും ടെക്നിക്കൽ കമ്മിറ്റി അംഗങ്ങളും ഉരുൾ തകർത്ത പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചു. സംഘം ഈ മേഖലയിലെ ദുരിത ബാധിതരുമായി നേരിട്ട് സംവദിക്കുകയും ചെയ്തു. ടി. സിദ്ദിഖ് എംഎൽഎ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ എന്നിവരുമായി ചർച്ച നടത്തി. വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് ഒരാഴ്ച്ചയ്ക്കകം സമർപ്പിക്കുമെന്ന് ലെൻസ്ഫെഡ് സംസ്ഥാന പ്രസിഡന്റ് സി.എസ്. വിനോദ് കുമാർ, സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ എന്നിവർ അറിയിച്ചു.