തെറ്റായ വിവരങ്ങള്‍ നല്കി; ആര്ടിഒയ്ക്കെതിരേ വിവരാവകാശ കമ്മിഷണർക്ക് പരാതി
1567559
Sunday, June 15, 2025 7:52 AM IST
കണ്ണൂര്‍: വിവരാവകാശ നിയമം 2005 പ്രകാരം ആര്‍ടി ഓഫിസില്‍ നല്കിയ അപേക്ഷയ്ക്ക് തെറ്റായതും പരസ്പര വിരുദ്ധവുമായ മറുപടി നല്‍കിയെന്ന് ആരോപിച്ച് വിവരാവകാശ ഓഫീസര്‍ക്കും അപ്പില്‍ അധികാരിയായ ആര്ടിഒയ്ക്കുമെതിരേ സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയന് സെക്രട്ടറി എന്‍. ലക്ഷ്മണന് വിവരാവകാശ കമ്മിഷണർക്ക് പരാതി നല്കി.
ആര്‍ടിഒ ബോര്‍ഡിന്റെ തീരുമാനമില്ലാതെയും അപേക്ഷ ക്ഷണിക്കാതെയും 2017ന് ശേഷം ഓട്ടോറിക്ഷകള്‍ക്ക് ടൗണ്‍ പെര്‍മിറ്റ് നല്‍കിയിട്ടുണ്ടോ എന്നായിരുന്നു വിവരാവകാശ അപേക്ഷ. അതിന് അല്ല എന്ന് ആര്‍ടിഒ മറുപടി നല്കി. എന്നാല്‍, 2017ന് ശേഷം നിരവധി ഓട്ടോറിക്ഷകള്‍ക്ക് ടൗണ്‍ പെര്‍മിറ്റ് നല്‍കിയിട്ടുണ്ടെന്നതിന് നിരവധി തെളിവുകളുണ്ടെന്നും ഇത് ഹാജരാക്കാന്‍ തയാറാണെന്നും ലക്ഷ്മണന് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ചുള്ള ഉത്തരവുകളുടെയും രേഖകളുടെയും പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഫയലുകളും വിവരങ്ങളും ലഭ്യമല്ലെന്ന മറുപടിയാണ് കണ്ണൂര്‍ ആര്‍ടിഒ നല്‍കിയത്. മൊത്തം എത്ര ഓട്ടോറിക്ഷകള്‍ക്ക് ഇതുവരെ ടൗണ്‍ പെര്‍മിറ്റ് നല്‍കിയിട്ടുണ്ടെന്ന മറ്റൊരു ചോദ്യത്തിന് 2686 എണ്ണം എന്നാണ് വിവരാവകാശ ഓഫിസര്‍ നല്കിയ മറുപടി.
എന്നാല്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 30ന് ആര്‍ടിഒ നല്കിയ മറുപടിയില്‍ 2851 കൊടുത്തതായി കാണുന്നു എന്നാണ് രേഖപ്പെടുത്തിയത്. ഒരേ ചോദ്യത്തിന് പരസ്പര വിരുദ്ധമായ മറുപടിയാണ് നല്‍കിയതെന്നും ലക്ഷ്മണന് പറഞ്ഞു.