താലൂക്ക് വികസന സമിതി : കൊട്ടിയൂർ ക്ഷേത്രത്തിലേക്കുള്ള റോഡ് വീതി കൂട്ടണം
1573519
Sunday, July 6, 2025 8:06 AM IST
ഇരിട്ടി: കൊട്ടിയൂർ തീർഥാടന കാലത്ത് തീർഥാടകരും പ്രദേശവാസികളും അനുഭവിച്ച ദുരിതവും 400 കെവി ലൈൻ നഷ്ടപരിഹാരവും താലൂക്ക് വികസന സമിതി യോഗത്തിൽ വീണ്ടും ചർച്ചയായി. കൊട്ടിയൂർ മറ്റൊരു ശബരിമലയായി മാറാൻ പോകുകയാണെന്നും അതിനുതകുന്ന അടിസ്ഥാന സൗകര്യ വികസനം പ്രദേശത്ത് ഉണ്ടാക്കണമെന്നും വികസന സമിതിയിൽ പ്രശ്നം ഉന്നയിച്ച കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാങ്കം പറഞ്ഞു.
ക്ഷേത്രത്തിലേക്കുള്ള എല്ലാ റോഡുകളും വീതി കൂട്ടി നവീകരിക്കണം. പിഎംജിഎസ്വൈ പദ്ധതിയിൽ നവീകരിക്കുന്ന റോഡ് പോലും വികസിപ്പിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് തടസം നിൽക്കുകയാണ്. എട്ടുമീറ്റർ വീതിയിലുള്ള റോഡിൽ 3.75 മീറ്റർ മാത്രമാണ് ടാറിംഗ്. റോഡിന്റെ ഇരുവശങ്ങളിലും ഓവുചാൽ കഴിച്ച് ബാക്കിഭാഗം കോൺക്രീറ്റ് ചെയ്യണം. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചപ്പോൾ പൊതുമരാമത്ത് ചീഫ് എൻജിനിയറിൽ നിന്ന് ഉണ്ടായ വിശദീകരണം നിരാശാജനകമാണ്. ഒരുമാസത്തേക്കുള്ള ഉത്സവത്തിന് അത്രയൊക്കെ വേണോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
കണ്ടപ്പന-നെല്ലിയോടി-39-ാം മൈൽ റോഡും, അമ്പായത്തോട്-മട്ടന്നൂർ വിമാനത്താവളം നാലുവരിപ്പാതയും ഉടൻ യാഥാർഥ്യമാക്കണം, കൊട്ടിയൂർ-കേളകം-പേരാവൂർ റോഡിന് 12 മീറ്റർ വീതിയുണ്ടെങ്കിലും അഞ്ചര മീറ്റർ മാത്രമാണ് ടാറിംഗ്. ഈ റോഡുകളും വികസിപ്പിക്കണം. ഉത്സവ ആരംഭത്തിന് മുന്പ് അവലോകന യോഗം ചേരാതെ ഇക്കുറിയുണ്ടായ സഹചര്യം കണക്കിലെടുത്ത് അടുത്ത ഉത്സവത്തിനായുള്ള ക്രമീകരണങ്ങൾ ഉണ്ടാകണമെന്ന് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. റോഡുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൽ പൊതുമരാമത്ത് വകുപ്പ് കാണിക്കുന്ന അനാസ്ഥക്കെതിരെ വികസന സമിതി അമർഷം രേഖപ്പെടുത്തുന്നതായും എംഎൽഎ പറഞ്ഞു.
400 കെവി ലൈൻ നഷ്ടപരിഹാര പാക്കേജ് അപര്യാപ്തം
വയനാട്-കരിന്തളം 400 കെവി ലൈനുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജിലെ വ്യവസ്ഥകൾ അപര്യാപ്തമാണെന്ന് ജനപ്രതിനിധികൾ പറഞ്ഞു. ഭൂമിയുടെ കുറഞ്ഞ ന്യായവില 10000 രൂപയായി ഉയർത്തണമെന്നും ലൈൻ കടന്നുപോകുന്ന പ്രദേശത്തെ വീടുകൾക്ക് അനുവദിച്ച രണ്ടു ലക്ഷം രൂപ ഉയർത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കാമെന്ന് എംഎൽഎ പറഞ്ഞു.
ഇരിട്ടി-പേരാവൂർ റോഡിലെ അപകടാവസ്ഥയിലായ മരങ്ങൾ മുറിക്കാൻ ടെൻഡർ നടപടികൾ പൂർത്തിയായതായി സാമൂഹിക വനവത്കരണ വിഭാഗം യോഗത്തെ അറിയിച്ചു. പഴശി പദ്ധതി പ്രദേശത്തെ ബഫർ സോൺ ആക്കികൊണ്ടുള്ള ജലവിഭവ വകുപ്പിന്റെ ഉത്തരവിൽ പ്രദേശവാസികൾക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
ആന മതിൽ നിർമാണത്തിലെ കോടതി ഇടപെടലുകൾ യോഗത്തിൽ ചർച്ചയായി. കേളകം, കണിച്ചാൽ, കൊട്ടിയൂർ പഞ്ചായത്തുകളിൽ ആദിവാസികൾക്ക് പതിച്ചുനൽകിയ ഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. ഇരിട്ടി പുതിയ സ്റ്റാൻഡിലെ ശുചിമുറി പൂട്ടിയിട്ടതും മാലിന്യം പുഴയിലേക്ക് ഒഴുകിയ സംഭവവും യോഗത്തിൽ ചർച്ചയായി. പ്രശ്നം പരിഹരിച്ച് ശുചിമുറി തുറന്നെന്നും സ്ഥല പരിമിതി ഏറെ പ്രയാസം ഉണ്ടാക്കുന്നതായും ഇരിട്ടി നഗരസഭാ ചെയർ പേഴ്സൺ കെ. ശ്രീലത അറിയിച്ചു.
യോഗത്തിൽ സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഇരട്ടി നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത, ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാങ്കം, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസഫ്, വിവിധ രാഷ് ട്രീയ പാർട്ടി പ്രതിനിധികളായ തോമസ് വർഗീസ്, പി.സി. രാമകൃഷ്ണൻ, പി.കെ. ജനാർദനൻ, കെ.പി. ഷാജി, പി. മുഹമ്മദലി, ജോർജ് തയ്യിൽ തുടങ്ങിയവർ പ്രസംഗിച്ചു.