മൾട്ടി ലെവൽ കാർ പാർക്കിംഗ് പൂർത്തിയാകാത്തത് സാങ്കേതിക കാരണങ്ങളാലെന്ന് കോർപറേഷൻ
1573014
Saturday, July 5, 2025 1:02 AM IST
കണ്ണൂർ: സാങ്കേതിക തടസങ്ങൾ കാരണമാണ് സ്റ്റേഡിയം കോർണറിന് സമീപമുള്ള മൾട്ടിലെവൽ കാർ പാർക്കിംഗിന്റെ നിർമാണം യഥാസമയം പൂർത്തിയാക്കാനാകാഞ്ഞതെന്ന് കോർപറേഷൻ. മൾട്ടിലെവൽ പാർക്കിംഗ് സംവിധാനം യഥാസമയം പൂർത്തിയാക്കിയില്ലെന്ന് കാണിച്ച് ലഭിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കോർപറേഷൻ സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ടിലാണ് കോർപറേഷൻ ഇക്കാര്യം അറിയിച്ചത്.
ഫയർ ആൻഡ് സേഫ്റ്റി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിവയുടെ അനുമതി ലഭിക്കാൻ കാലതാമസമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. സ്റ്റേഡിയം സൈറ്റിലെ പ്രവൃത്തികൾക്ക് 2023 ഓഗസ്റ്റ് 11നും ബാങ്ക് റോഡിലെ സൈറ്റിന് 2023 നവംബർ 10 നുമാണ് അംഗീകാരം ലഭിച്ചത്. ആരംഭഘട്ടത്തിൽ സൈറ്റിൽ മാറ്റം വരുത്തേണ്ടി വന്നു.
അനിയന്ത്രിതമായ കാലാവസ്ഥയും താമസത്തിന് കാരണമായി. കൺസൾട്ടൻസിയിൽ നിന്ന് ഡ്രോയിംഗുകൾ ലഭിക്കാൻ എടുത്ത കാലതാമസവും കരാറുകാരൻ ഡ്രോയിംഗുകൾ വെറ്റ് ചെയ്തു സമർപ്പിക്കുന്നതിലെടുത്ത കാലതാമസവുമാണ് പ്രവൃത്തി യഥാസമയം പൂർത്തിയാക്കാൻ കഴിയാതിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
കോർപറേഷൻ ഓഫീസിൽ ചേർന്ന അമൃത് കോർ കമ്മിറ്റി വിഷയം ചർച്ച ചെയ്തു. എസ്റ്റിമേറ്റിന് ചീഫ് എൻജിനിയറുടെ അനുമതി ലഭിച്ച് മൂന്നു മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും കോർപറേഷൻ നൽകിയ റിപ്പോർട്ടിൽ പറയുന്നു.